കൊച്ചി: ആൺകുഞ്ഞ് ജനിക്കാൻ വിവാഹ ദിനത്തിൽതന്നെ മാർഗ നിർദ്ദേശമടങ്ങിയ കുറിപ്പ് നൽകിയ ഭർത്തൃവീട്ടുകാർ പെൺകുഞ്ഞ് ജനിച്ചശേഷം തന്നെ മാനസികമായി ഏറെ പീഡിപ്പിച്ചുവെന്ന് ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയ കൊല്ലം സ്വദേശിയായ യുവതിയുടെ വെളിപ്പെടുത്തൽ. ഭർത്തൃപിതാവാണ് കുറിപ്പ് നൽകിയത്. പവിത്രമായ ദാമ്പത്യബന്ധം കൊതിച്ച തനിക്ക് നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത മനോവ്യഥയാണെന്നും യുവതി പറഞ്ഞു.
പെൺകുഞ്ഞ് ജനിച്ചശേഷം ഭർത്താവും വീട്ടുകാരും തന്നെ ഒറ്റപ്പെടുത്തി. മകൾക്ക് ഇപ്പോൾ പത്തുവയസുണ്ട്. വിവാഹമോചനത്തിന് കുടുംബ കോടതിയിലും കേസ് നൽകിയിട്ടുണ്ട്. ഭർത്താവിനും അദ്ദേഹത്തിന്റെ വീട്ടുകാർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രീനേറ്റൽ ഡയഗ്നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കും കുടുംബക്ഷേമ വകുപ്പ് അഡിഷണൽ ഡയറക്ടർക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കുറിപ്പ് ഭർത്തൃപിതാവ് എഴുതിയതാണെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു.
തനിക്കുണ്ടായ മാനസിക പീഡനത്തെക്കുറിച്ച് യുവതി പറയുന്നു: ഓൺലൈൻ മാട്രിമോണി വഴി കണ്ടെത്തിയ മൂവാറ്റുപുഴ സ്വദേശിയെ 2012 ഏപ്രിലിലാണ് വിവാഹം ചെയ്തത്. പെൺകുഞ്ഞ് ബാദ്ധ്യതയാണെന്നും വലുതാകുമ്പോൾ മറ്റൊരു വീട്ടിൽ പോകേണ്ടവളാണെന്നും ഭർത്താവിന്റെ അമ്മ വിവാഹ ദിവസംതന്നെ പറഞ്ഞു. ഭർത്താവിനൊപ്പം ഉടൻ ലണ്ടനിൽ പോകേണ്ടതിനാൽ ആൺകുഞ്ഞ് ജനിക്കാൻ ’പൊടിക്കൈ’ നിർദ്ദേശിച്ച് ഭർത്തൃപിതാവ് നൽകിയ കുറിപ്പിനെ എതിർത്തില്ല. യാത്രയ്ക്കു മുമ്പ്, കുറിപ്പിലെ കാര്യങ്ങൾ ഓർമിപ്പിച്ചു. രണ്ടു കുപ്പികളിലാക്കി എന്തോ നൽകി. ഗർഭം ധരിക്കുമ്പോൾ അത് കഴിക്കണമെന്ന് നിർദ്ദേശിച്ചു. എല്ലാം ഭർത്താവിന്റെ അറിവോടെയായിരുന്നു.
2014ൽ ഗർഭിണിയായപ്പോൾ നാട്ടിലേക്ക് മടങ്ങി. കൊട്ടിയത്തെ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. അതിനുശേഷം ഭർത്താവും വീട്ടുകാരും ഒരുതവണ മാത്രമാണ് കുഞ്ഞിനെ കാണാനെത്തിയത്. അഞ്ചു മാസമായ കുഞ്ഞുമായി ലണ്ടനിലെത്തിയപ്പോൾ മതിയായ താമസസൗകര്യം ഭർത്താവ് ഒരുക്കിയില്ല. ഇതിൽ ആശങ്കപ്പെട്ടപ്പോൾ നാട്ടിലേക്ക് മടക്കിയയച്ചു. ’ഞാൻ എന്റെ ജീവിതവുമായി മുന്നോട്ടുപോകുന്നു, നിനക്കും അങ്ങനെയാകാം’ എന്നുപറഞ്ഞ് പിന്നീട് ഭർത്താവ് ഇ-മെയിലിൽ സന്ദേശമയച്ചു. വീഡിയോ കോളിലൂടെ പോലും കുഞ്ഞിനെ കാണാൻ തയ്യാറായില്ല.
മകൾ ഇപ്പോൾ തന്റെ മാതാപിതാക്കളുടെ സംരക്ഷണയിൽ കൊല്ലത്താണ്. ഇടയ്ക്ക് താൻ ടെക്നോപാർക്കിൽ ജോലി ചെയ്തിരുന്നു. കുടുംബക്കോടതിയിൽ തന്റെ വാദം ശക്തിപ്പെടുത്താനാണ് ഭർത്തൃപിതാവിന്റെ കുറിപ്പടക്കം പരാതി നൽകിയത്.
അതേസമയം ഭർതൃവീട്ടുകാർക്കെതിരായ യുവതിയുടെ ഹർജിയിൽ എതിർകക്ഷികൾക്ക് പ്രത്യേക ദൂതൻ വഴി നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഇന്നു വീണ്ടും പരിഗണിക്കും. ഹർജിയിൽ പറയുന്ന കാര്യങ്ങൾ സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഒരു സ്ത്രീയുടെ ശരീരത്തിന്റെ അവകാശി അവൾ മാത്രമാണെന്നിരിക്കെ മറ്റാർക്കും ഇങ്ങനെയുള്ള കാര്യങ്ങളിൽ ഇടപെടാനാവില്ല. ദമ്പതികളുടെ പത്തുവയസുള്ള മകളെ ഈ പ്രശ്നം എങ്ങനെ ബാധിക്കുമെന്നതാണ് കൂടുതൽ ആശങ്കപ്പെടുത്തുന്നതെന്നും കോടതി പറഞ്ഞു.