മാനന്തവാടി: നഗരത്തിൽ ഇറങ്ങിയ കാട്ടാനയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മയക്കുവെടിവച്ചു. രണ്ടു തവണയാണ് ആനയ്ക്കു നേരെ വെടിയുതിർത്തത്. വെടിയേറ്റ ആന അനങ്ങാതെ നിൽക്കുകയാണ്. ആനയെ പിടികൂടുന്നതിൽ ഇനിയുള്ള നിമിഷങ്ങൾ നിർണായകമാണ്. കുങ്കികളെ ഉടന് തന്നെ ആനയ്ക്ക് സമീപത്ത് എത്തിക്കും. ഇവിടെ നിന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിലേക്കാണു മാറ്റുക
ആനയെ പിടികൂടി ബന്ദിപ്പൂർ വനത്തിൽ തുറന്നുവിടാൻ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ് ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആനയെ മയക്കുവെടി വയ്ക്കാനുള്ള നീക്കം തുടങ്ങിയത്. ആദ്യം ഒരു തവണ വെടിയുതിർത്തെങ്കിലും അത് ആനയ്ക്കു കൊണ്ടോയെന്ന കാര്യത്തിൽ സംശയമുയർന്നു. ഇതോടെ ദൗത്യ സംഘം രണ്ടാമതും വെടിയുതിർക്കുകയായിരുന്നു. രണ്ടാമത്തെ വെടി കൃത്യമായി ആനയുടെ പിന്നിൽ കൊണ്ടു.
മൂന്നു ഭാഗങ്ങളിലായി മൂന്ന് കുങ്കിയാനകളെ നിർത്തിയിട്ടുണ്ട്. വെടിയേറ്റ് ആന ഓടിയാൽ തടയാനാണു കുങ്കിയാനകളെ വിന്യസിച്ചത്. ആനയുടെ സമീപത്തേക്ക് ആൾക്കാർ പോകുന്നത് പൊലീസ് തടയുന്നുണ്ട്. താഴെ അങ്ങാടിയിലേക്കു പോകുന്ന വഴികളിൽ ഗതാഗതം നിരോധിച്ചു. നോർത്ത് വയനാട് ഡിവിഷനിലെ ബേഗൂർ റെയ്ഞ്ചിൽ തലപ്പുഴയിൽ ഇന്നലെ രാത്രിയോടുകൂടി മൂന്ന് ആനകൾ ജനവാസകേന്ദ്രത്തിൽ എത്തിയിരുന്നുവെന്ന് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഉത്തരവിൽ പറയുന്നു. ഇതിൽ രണ്ടെണ്ണത്തെ തിരിച്ചു കാട്ടിലേക്ക് തുരത്തി. എന്നാൽ ഒരെണ്ണത്തെ തുരത്താനായില്ല. ഈ ആനയാണ് മാനന്തവാടിയിൽ എത്തിയത്.
വനത്തിൽ നിന്നും പത്തു കിലോമീറ്റർ ദൂരെയായി ജനവാസ മേഖലയിലാണ് ആന നിലയുറപ്പിച്ചത്. അതിനാൽ മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് വിടുക എന്നതാണ് സാധ്യമായ ഏക മാർഗമെന്ന് നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ റിപ്പോർട്ട് നൽകിയിരുന്നു. ബന്ദിപ്പുർ ടൈഗർ റിസർവിനു സമീപത്തുനിന്നും പിടികൂടി റേഡിയോ കളർ ഘടിപ്പിച്ചു വിട്ട ആനയാണിത്. കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ടതിനെത്തുടർന്ന് ആനയെ ബന്ദിപ്പുർ വനമേഖലയിൽ തുറന്നുവിടാമെന്ന് അറിയിപ്പ് ലഭിച്ചുവെന്നും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇറക്കിയ ഉത്തരവിൽ പറയുന്നു.
കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടുമെന്നു ജില്ലാ കലക്ടർ രേണു രാജ് അറിയിച്ചിരുന്നു. ആന ടൗണിനോട് ചേർന്ന വാഴത്തോട്ടത്തിലാണുള്ളത്. മെഡിക്കൽ കോളജ്, കോളജ്, സ്കൂൾ, ബസ് സ്റ്റാൻഡ്, ആദിവാസി കോളനി എന്നിവയുെട സമീപത്തായാണ് ആന നിലയുറപ്പിച്ചിരുന്നത്. ആനയിറങ്ങിയതോടെ മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആളുകൾ ആനയെ കാണാൻ എത്തുന്നത് പ്രശ്നം സങ്കീർണമാക്കുകയാണ്. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്ക് തിരികെ കയറ്റുന്നതിനെക്കുറിച്ചും ആലോചിച്ചു. എന്നാൽ പത്ത് കിലോമീറ്ററോളം ജനവാസമേഖലയിലൂടെ ആനയെ ഓടിച്ചുകൊണ്ടുപോകുക എന്നത് ശ്രമകരമാണ്. അതിനാലാണ് മയക്കുവെടിവയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.