ന്യൂഡൽഹി: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിക്ക് 10 വർഷം കഠിനതടവ്. ഷഹ്സിയ എന്ന സ്ത്രീക്കാണ് ഡൽഹി കോടതി പത്തുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. പിഴയായി 16,000 രൂപ പിഴയായി അടയ്ക്കണം. 2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കുമാർ രജത് ആണ് യുവതിക്ക് 10 വർഷം കഠിന തടവും 16,000 രൂപ പിഴയും വിധിച്ചത്. പോക്‌സോ, ലൈംഗികാതിക്രമം, ബലപ്രയോഗം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരുന്നത്. പോക്സോ വകുപ്പിലെ ആറ്, ഐപിസിയിലെ 354 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ യുവതി നടത്തിയ ലൈംഗികാതിക്രമം കുട്ടിയുടെ മാതാപിതാക്കൾക്ക് വലിയ മാനസിക ആഘാതമുണ്ടാക്കിയെന്ന് ജഡ്ജി വ്യക്തമാക്കി. നാലുവയസ്സുകാരിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പ്രതിയായ സ്ത്രീ ലൈംഗികാതിക്രമം നടത്തിയെന്ന് കോടതി വ്യക്തമാക്കി.
കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോകരുത്. കുറ്റകൃത്യത്തിന് ഇരയായവർക്കും സമൂഹത്തിനും നീതി ലഭിക്കണം എന്നതാണ് ശിക്ഷാവിധിയുടെ ലക്ഷ്യവും അടിസ്ഥാന ലക്ഷ്യമെന്ന് വിധി പറഞ്ഞുകൊണ്ട് ജഡ്ജി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മാർച്ചിൽ മധ്യപ്രദേശിലെ ഇൻഡോറിലെ പോക്‌സോ കോടതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരിയായ യുവതിയെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു. രാജസ്ഥാൻ സ്വദേശിയായ യുവതിക്ക് 15 വയസ്സുള്ള ആൺകുട്ടിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമ പ്രകാരം പ്രത്യേക കോടതി യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും പത്ത് വർഷത്തെ കഠിന തടവിന് ശിക്ഷിക്കുകയുമായിരുന്നു.