മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറി. ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് 19കാരിക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ചെക്ക് റിപ്പബ്ലിക്കന്‍ താരമായ ലിന്‍ഡ നൊസ്കോവയാണ് 22 കാരിയായ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തിയത്. 3-6 6-3 6-4 എന്ന സ്കോറിന് വിജയിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടിലെത്താന്‍ ലിന്‍ഡയ്ക്ക് സാധിച്ചു.
അതേസമയം ലോക 50-ാം റാങ്കുകാരിയായ ലിൻഡ നൊസ്കോവയുടെ ആദ്യ ഗ്രാൻഡ്സ്ലാം പ്രീ ക്വാർട്ടറാണിത്. താരം കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യത ഘട്ടത്തിൽ പുറത്തായ താരമാണ് ലിൻഡ.
തുടർച്ചയായ 18 മത്സരങ്ങളിലായി സ്വിയാറ്റകിന്റെ അപരാജിത കുതിപ്പിനാണ് ഇതോടെ വിരാമമായത്. സ്വിയാറ്റക് പുറത്തായതോടെ ആദ്യ 10 സീഡുകാരിൽ ഏഴു പേരും പുറത്തായി. മൂന്നാം സീഡ് എലീന റിബാകിന, അഞ്ചാമതുള്ള ജെസിക പെഗുല, ആറാമതുള്ള ഉൻസ് ജബ്യൂർ എന്നിവരാണ് ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തായ താരങ്ങൾ. നിലവിലെ ചാമ്പ്യൻ അരിന സബലെങ്ക, യു.എസ് ഓപൺ ജേതാവ് കൊക്കോ ഗോഫ്, ബാർബറ ക്രജ്സിക്കോവ എന്നീ ആദ്യ സീഡുകാരാണ് ഓസ്ട്രേലിയൻ ഓപ്പണിൽ അവശേഷിക്കുന്നത്.