കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ പ്രതികരണത്തിന് തയ്യാറാകാതെ സി.പി.എം. നേതാക്കള്‍. തനിക്കൊന്നും അറിയില്ലെന്നും എന്ത് കേന്ദ്ര ഏജന്‍സിയെന്നുമായിരുന്നു കേസെടുത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രതികരണം. സി.പി.എം. നേതൃയോഗത്തിനായി എ.കെ.ജി. സെന്ററിലെത്തിയ എ.കെ. ബാലനും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
നേരത്തെ, വീണാ വിജയനും എക്സാലോജിക്കിനുമെതിരെ മാസപ്പടി ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ രണ്ടു സ്ഥാപനങ്ങള്‍ തമ്മിലുള്ള സുതാര്യമായ ഇടപാടെന്ന് പറഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ ന്യായീകരിച്ചിരുന്നു. ഇതിനാല്‍ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. പ്രതികരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ആവശ്യപ്പെട്ടിരുന്നു. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും പി. രാജീവും മറുപടി പറയണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മാധ്യമപ്രവര്‍ത്തകരോടുള്ള ചോദ്യത്തോട് പ്രതികരിച്ചത് ഇങ്ങനെ, ‘എനക്കൊന്നുമറിഞ്ഞൂട… എന്ത് കേന്ദ്ര ഏജന്‍സി, നിങ്ങള്‍ ആരെങ്കിലും പറയുന്നത് കേട്ട് ഇങ്ങനെ… ഞാന്‍ നോക്കീട്ട് പറയാം’. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ചോദ്യം ഉന്നയിച്ചെങ്കിലും ഒന്നും മിണ്ടാതെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എ.കെ.ജി. സെന്ററിനുള്ളിലേക്ക് കയറിപ്പോവുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരോട് കുശാലന്വേഷണത്തിന് നടത്തിയ എ.കെ. ബാലന്‍ പ്രതികരിക്കാതെ കയറിപ്പോവുകയായിരുന്നു.
അതേസമയം, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുചോദ്യമായിരുന്നു വ്യവസായമന്ത്രി പി. രാജീവിന്റെ പ്രതികരണം. മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ക്ക് തങ്ങള്‍ രേഖാമൂലം മറുപടി പറഞ്ഞെന്നും അതിനെക്കുറിച്ച് ചോദ്യംചോദിക്കൂ ആദ്യമെന്ന് പി. രാജീവ് പറഞ്ഞു. ‘അയാള്‍ പറഞ്ഞത് കേട്ടിട്ട് എന്റെയടുത്ത് വരുന്നത് പോലെ, ഞങ്ങളെല്ലാം പറഞ്ഞതിനെക്കുറിച്ച് ചോദ്യംചോദിച്ചിട്ട് അതിന് മറുപടിയുമായി വാ. ബാക്കി അപ്പോള്‍ പറയാം. നിങ്ങള്‍ ചോദിച്ചപ്പോള്‍ എന്താണ് മറുപടി കിട്ടിയത്? ചോദിക്കാതിരുന്നത് എന്താ? എന്താണ് മറുപടി?’, പി. രാജീവ് ചോദിച്ചു.