കൊച്ചി: മറ്റുപ്രതികളെല്ലാം ശിക്ഷിക്കപ്പെട്ടശേഷമാണ് കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദ് പിടിയിലാകുന്നത്. കേസിൽ രണ്ടുഘട്ടമായാണ് വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. ആ സമയത്തെല്ലാം ഒന്നാംപ്രതി പിടികിട്ടാപ്പുള്ളിയായിരുന്നു. ഭീകരപ്രവർത്തനം തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, ഒന്നാംപ്രതിയെ പിടികൂടാനാകാത്തത് വിധിയിൽ പ്രത്യേകം പരാമർശിക്കുകയുംചെയ്തിരുന്നു.
കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കി ആറുപ്രതികൾകൂടി കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി കണ്ടെത്തിയത് കഴിഞ്ഞവർഷം ജൂലായ് 12-നാണ്. തൊട്ടടുത്തദിവസം ഇവർക്ക് ശിക്ഷ പ്രഖ്യാപിച്ചു. അഞ്ചുപേരെ വെറുതേവിടുകയുംചെയ്തു.
ഒന്നാംഘട്ട വിചാരണയിൽ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. തെളിവുകളുടെ അഭാവത്തിൽ 18 പേരെ വിട്ടയക്കുകയുംചെയ്തു. ആക്രമണംനടന്ന് 13 വർഷങ്ങൾക്കുശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയത്.
രണ്ടാംഘട്ടവിധിയിൽ ഉൾപ്പെടെ പ്രതികളുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ കോടതി വിമർശിച്ചിരുന്നു. ഭീകരപ്രവർത്തനം, വധശ്രമം, ഗൂഢാലോചന, മതസ്പർധ വളർത്തൽ തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരേ തെളിഞ്ഞതായി ചൂണ്ടിക്കാട്ടിയ കോടതി, രാജ്യത്തിന്റെ മതേതരഘടനയ്ക്ക് ഭീഷണിയാണ് പ്രതികളുടെ നടപടിയെന്ന് വ്യക്തമാക്കിയിരുന്നു.
തന്നെ പിടികൂടാൻ കേരളത്തിലെ പോലീസ് കാണിച്ച ഉത്സാഹം ഈ കേസിലെ പ്രതികളെ പിടിക്കാൻ കാണിച്ചതായി കരുതുന്നില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. അതിനാൽ പ്രതി 13 വർഷം ഒളിവിൽക്കഴിഞ്ഞു എന്നത് തന്നെസംബന്ധിച്ചിടത്തോളം അദ്ഭുതകരമായ കാര്യമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സവാദിനെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുമെന്നും ആക്രമിച്ചരംഗം ഇപ്പോഴും മനസ്സിൽ നിൽക്കുന്നുണ്ടെന്നും പറഞ്ഞു.
‘‘സവാദിനെ പിടികൂടി എന്നറിയുമ്പോൾ ഇര എന്നനിലയിൽ പ്രത്യേകിച്ചൊരു കൗതുകവുമില്ല. എന്നാൽ, ഒരു പൗരനെന്നനിലയിൽ, നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന ഒരാളെന്നനിലയിൽ 13 വർഷം പിടിയിലാകാതിരുന്ന ഒരാൾ ഇപ്പോൾ കസ്റ്റഡിയിലാവുക എന്നത് അഭിമാനാർഹമായ സംഗതിയാണ്. ഏതൊരാളെയുംപോലുള്ള വാർത്താകൗതുകം മാത്രമേ എനിക്കുള്ളൂ.
മുഖ്യപ്രതി, ഒന്നാംപ്രതി എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും എന്റെ മനസ്സിലെ മുഖ്യപ്രതി ഇദ്ദേഹമോ ഇദ്ദേഹത്തെപ്പോലെ എന്നെ ആക്രമിക്കാൻ വന്നവരോ അല്ല. ആക്രമിക്കാനായി തീരുമാനമെടുത്തവരും അയച്ചവരുമാണ്. അവരെയൊന്നും കേസിൽ ഉൾപ്പെടുത്തിയിട്ടില്ല, ഇപ്പോഴും കാണാമറയത്താണ്. അതു കണ്ടെത്തുകയും നിരോധിക്കുകയും ചെയ്യാത്തിടത്തോളം കാലം ഇതുപോലുള്ള ക്രിമിനൽക്കേസുകളും തീവ്രവാദക്കേസുകളും തുടർന്നുകെണ്ടേയിരിക്കും.’’
എന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ച ആളെന്നനിലയിൽ പോലീസ് രേഖകളിലും കോടതിവ്യവഹാരങ്ങളിലുമൊക്കെ ഒന്നാംപ്രതിയായിട്ടുള്ള സവാദിനെ പിടികൂടിയത് നിയമപാലകർക്ക് സമാധാനിക്കാവുന്ന സംഗതിയാണെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കേരളത്തിലും രാജ്യത്തെമ്പാടും ഏതാനും വിദേശരാജ്യങ്ങളിലും അന്വേഷണ ഏജൻസികൾ കൈവെട്ട് കേസ് പ്രതി സവാദിനെ തപ്പിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. കൃത്യത്തിനുപയോഗിച്ച മഴുവുമായാണ് സവാദ് അന്ന് കടന്നുകളഞ്ഞത്.
ആക്രമണത്തിനിടയിൽ സവാദിന് ചെറിയതോതിൽ പരിക്കേറ്റിരുന്നു. ഇൗ പരിക്കുമായി ആലുവവരെ എത്തിയതിന് തെളിവുണ്ട്. കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽനിന്ന് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും സ്ഥിരീകരണം പിന്നീടുണ്ടായില്ല.
ഏറെക്കാലം നേപ്പാളിൽ ഒളിവിൽക്കഴിഞ്ഞ പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു പിന്നീടുള്ള സംസാരം. എന്നാൽ, നാസർ കീഴടങ്ങിയശേഷവും സവാദിനെക്കുറിച്ച് വിവരമൊന്നും കിട്ടിയില്ല. വിദേശത്ത് കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻ.ഐ.എ. അന്വേഷണം ശക്തമാക്കിയിരുന്നു.
നയതന്ത്രപാഴ്സലിൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റുചെയ്ത പ്രതികളിൽ ഒരാളും ദുബായിൽ സവാദിനെ കണ്ടതായി വാർത്തകൾ പരന്നു. രഹസ്യാന്വേഷണ ഏജൻസികൾ പാകിസ്താൻ, ദുബായ് എന്നിവിടങ്ങളിൽ സവാദിനെ കണ്ടെത്താനായി തിരച്ചിൽ നടത്തിയിരുന്നതായാണ് വിവരം.
അഫ്ഗാനിസ്താൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻ.ഐ.എ. അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സിറിയയിലേക്ക് കടന്നതായി ചില വിവരങ്ങൾ കിട്ടിയെങ്കിലും അതിനും തെളിവുകിട്ടിയിരുന്നില്ല.
കൈവെട്ടുകേസിലെ ഒന്നാംപ്രതി സവാദിനെ പിടികൂടാൻ എൻ.ഐ.എ.ക്ക് തുണയായത് ഇളയകുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റ്. ഷാജഹാൻ എന്നപേരിലാണ് സവാദ് അറിയപ്പെട്ടിരുന്നതെങ്കിലും ഒമ്പതുമാസംമുമ്പ് ജനിച്ച കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ സവാദ് എന്നപേരാണ് ചേർത്തിരുന്നത്. ആധാർകാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽകാർഡ് എന്നിവയിലും സവാദ് എന്നാണ് ചേർത്തിരുന്നത്. ഇവ വീട്ടിൽനിന്ന് എൻ.ഐ.എ. സംഘം പിടിച്ചെടുത്തു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ വരുമാനം മുടങ്ങിയ സവാദ്, ഏഴെട്ടുമാസംമുമ്പ് തൊഴിൽതേടി കണ്ണൂരിലെത്തിയതായി ദേശീയ അന്വേഷണ ഏജൻസിക്ക് വിവരം കിട്ടിയിരുന്നു. മുമ്പ് എൻ.ഐ.എ.യിൽ ജോലിചെയ്തിരുന്ന ചില പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ണൂരിൽ നിരീക്ഷണം ശക്തമാക്കി.
ഏതാനുംദിവസംമുമ്പ് ഒരാൾ വീടിനെക്കുറിച്ച് കൃത്യമായ വിവരം നൽകി. പക്ഷേ, പേര് ഷാജഹാൻ ആണെന്നത് അന്വേഷണസംഘത്തെ കുഴക്കി. ഇവിടെ കുഞ്ഞുണ്ടെന്ന് മനസ്സിലാക്കിയ സംഘം നഗരസഭയിലെ ജനനസർട്ടിഫിക്കറ്റ് പരിശോധിക്കുകയും ഈ വീട്ടുവിലാസത്തിലുള്ളയാൾ സവാദാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
ചൊവ്വാഴ്ചയായിരുന്ന ഈ സ്ഥിരീകരണം. അന്നുവൈകീട്ട് രണ്ടുകാറുകളിലായി അഡീഷണൽ എസ്.പി. സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിൽ 12 എൻ.ഐ.എ. ഉദ്യോഗസ്ഥർ കൊച്ചിയിൽനിന്ന് പുറപ്പെട്ടു. വീടുകണ്ടെത്തിയ ആൾ ഇവരോടൊപ്പം ചേർന്നു. പുലർച്ചെ മൂന്നരയോടെ വീട്ടിലെത്തി.
ഏറെനേരം കതകിൽ മുട്ടിയപ്പോൾ ഭാര്യയാണ് വാതിൽ തുറന്നത്. ഭർത്താവിനെ വിളിക്കാൻ പറഞ്ഞപ്പോൾ സവാദ് എത്തി. പേരുചോദിച്ചപ്പോൾ ഷാജഹാൻ എന്നുപറഞ്ഞു. ജോസഫിന്റെ കൈവെട്ടിയപ്പോൾ കൂടെയുണ്ടായിരുന്നവരുടെ കൈയിലുണ്ടായിരുന്ന ആയുധംകൊണ്ട് സവാദിന്റെ പുറത്ത് മുറിവേറ്റിരുന്നു. ഇത് തുന്നിക്കെട്ടിയതിന്റെ പാട് പുറത്തുണ്ടായിരുന്നു. ഇത് ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു.
ഷർട്ടുമാറ്റി പുറത്തെ ഈ പാട് കണ്ടെത്തിയ ഉദ്യോഗസ്ഥർ ഇത് എങ്ങനെയുണ്ടായതാണെന്ന് ചോദിച്ചു. മുള്ളുകൊണ്ടതാണെന്ന് മറുപടി പറഞ്ഞു. ചോദ്യംചെയ്യൽ കടുപ്പിച്ചതോടെ താൻ സവാദാണെന്ന് സമ്മതിക്കുകയായിരുന്നു. വീടുകാട്ടിക്കൊടുത്തയാൾ ഇതിനകം മടങ്ങിയിരുന്നു. ഏതാനുംമണിക്കൂറുകൾകൊണ്ട് നടപടി പൂർത്തിയാക്കിയ സംഘം സവാദിനെയുംകൊണ്ട് കൊച്ചിയിലേക്ക് മടങ്ങി.
പുലർച്ചെ മൂന്നരയോടെ വാതിലിൽ തുടർച്ചയായ മുട്ടുകേട്ടാണ് മട്ടന്നൂർ പരിയാരം ബേരത്തെ ജസീറ മൻസിലിൽ റംല ഉണർന്നത്. വാതിൽ തുറന്നപ്പോൾ കണ്ടത് അയൽവാസി സാബിതയെ. സാബിത വീട്ടിലെ വേഷത്തിലല്ല, പോലീസുകാരിയായ ഇവർ യൂണിഫോമിലായിരുന്നു. അദ്ഭുതപ്പെട്ട് നിൽക്കുമ്പോൾ സാബിത പറഞ്ഞു- ‘‘തൊട്ടടുത്തുള്ള വീട്ടിലെ ഷാജഹാനെ കാണാനില്ല, കൂടെ വരണം.” പരിചയക്കാരിയായതിനാൽ റംല മടിക്കാതെ കൂടെപ്പോയി.
റംലയുടെ മാതൃസഹോദരിയുടെ മകളുടെ വീട്ടിലാണ് ‘ഷാജഹാനും’ കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. വീട്ടുമുറ്റത്തെത്തിയപ്പോൾ സിവിൽവേഷത്തിലും കാക്കി യൂണിഫോമിലും നിരവധി പോലീസുകാർ. അവരിലൊരാൾ കടലാസിലെഴുതിയ റിപ്പോർട്ട് വായിക്കാൻ തുടങ്ങി. അപ്പോഴാണ് റംല അറിയുന്നത് -ഇത്രനാളും ഇവിടെ കഴിഞ്ഞത് മരപ്പണിക്കാരനായ ഷാജഹാനല്ല, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാംപ്രതി സവാദാണെന്ന്.
റംലയുടെ മകൻ ജുനൈദും പിന്നാലെയെത്തി. ജുനൈദിനെയും അറസ്റ്റ് നടപടികൾക്ക് സാക്ഷിയാക്കി ഒപ്പിടുവിച്ചു. ഗൾഫിൽനിന്ന് ഈയിടെ നാട്ടിലെത്തിയ ഇദ്ദേഹം വീടിന്റെ മുകൾനിലയിൽ ഉറങ്ങുകയായിരുന്നു. ഏഴരയോടെ എൻ.ഐ.എ. സംഘവും പോലീസും സവാദിനെ കൊണ്ടുപോയി. സവാദിന്റെ ഭാര്യ കാസർകോട് സ്വദേശിയാണ്. അറസ്റ്റ് വിവരമറിഞ്ഞ് സഹോദരങ്ങളെത്തി ഇവരെയും മക്കളെയും കൊണ്ടുപോയി.
ഒന്നരവർഷം മുൻപാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം സവാദ് ബേരത്തെ വാടകവീട്ടിലെത്തിയത്. ഷാജഹാൻ എന്നാണ് സ്വയംപരിചയപ്പെടുത്തിയത്. വരുമ്പോൾ ഭാര്യ ഗർഭിണിയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് പ്രസവിച്ചത്. 5000 രൂപ മാസവാടകയ്ക്കാണ് സവാദും കുടുംബവും ഇവിടെ താമസിച്ചത്. പലയിടത്തായി മരപ്പണിയായിരുന്നു സവാദിന്. താമസിക്കുന്ന വീടിന് സമീപത്ത് നിർമാണം നടക്കുന്ന വീട്ടിലാണ് രണ്ടാഴ്ചയായി പണിയെടുക്കുന്നത്.
കാസർകോട്ട് സ്വന്തമായി വീട് വാങ്ങാൻ സവാദ് അഡ്വാൻസ് നൽകിയിരുന്നുവെന്ന് അയൽക്കാർ പറയുന്നു. തുക മുഴുവൻ കൊടുക്കാനായാൽ ഈമാസം കൂടിയേ ഇവിടെയുണ്ടാകൂവെന്നും പറഞ്ഞിരുന്നു. ഇവർ വളപട്ടണം, വിളക്കോട്ടൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്നു.
കൈപ്പത്തിക്കേസിലെ പ്രതി സവാദ് ഒളിവിൽക്കഴിഞ്ഞത് പോപ്പുലർ ഫ്രണ്ടിന്റെയും അതുമായി ബന്ധപ്പെട്ട നേതാക്കളുടെയും സഹായത്തോടെയായിരുന്നെന്ന് റിമാൻഡ് അപേക്ഷയിൽ എൻ.ഐ.എ. അറിയിച്ചു.
സിം കാർഡുള്ള ഒരു മൊബൈൽ ഫോൺ പ്രതിയിൽനിന്നു പിടികൂടി. വീട്ടിൽനിന്ന് രണ്ടു മൊബൈൽ ഫോണുകളും ഒരു സിം കാർഡും ചില തിരിച്ചറിയൽ രേഖകളും ലഭ്യമായിട്ടുണ്ടെന്നും അപേക്ഷയിൽ പറയുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിച്ച സവാദ് കുറ്റകൃത്യത്തിലെന്നപോലെ ഗൂഢാലോചനകളിലും പങ്കാളിയായിരുന്നു. സവാദ് ചെയ്ത കുറ്റകൃത്യത്തിന് ദൃക്സാക്ഷികളുണ്ട്. അതിനാൽതന്നെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്ന് എൻ.ഐ.എ. സംഘം വ്യക്തമാക്കി. തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷയും നൽകി.
മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. വർഗീയവിദ്വേഷം വളർത്തുന്നതിനും മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതിനുമാണ് ഒരു ഭീകരസംഘടനയുടെ ഭാഗമായിനിന്നുകൊണ്ട് സവാദ് ശ്രമിച്ചത്. ജാമ്യം അനുവദിച്ചാൽ തെളിവുനശിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിമാൻഡ് അപേക്ഷയിൽ പറയുന്നു.കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ. കോടതി റിമാൻഡുചെയ്ത പ്രതിയെ എറണാകുളം സബ് ജയിലിലേക്കുമാറ്റി.