ഡല്‍ഹി:അന്തരീക്ഷ മലിനീകരണത്തിനൊപ്പം ശൈത്യകാലം കൂടി എത്തിയതോടെ ശ്വാസമുട്ടലിന്റെ വക്കിലാണ് രാജ്യതലസ്ഥാനമായി ഡല്‍ഹി. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 400 പോയന്റിലേക്ക് ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലിനീകരണ തോത് കുറയ്ക്കാനുള്ള നീക്കത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇതിന്റെ ഭാഗമായി ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ബി.എസ്.3 പെട്രോള്‍ വാഹനങ്ങളും ബി.എസ്.4 ഡീസല്‍ വാഹനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.
ഡിസംബര്‍ 22 മുതല്‍ ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടെന്നാണ് ഡല്‍ഹി ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം മറികടന്ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള വാഹനവുമായി ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ ഇറങ്ങുന്നവര്‍ക്ക് 20,000 രൂപ വരെ പിഴ ചുമത്തുമെന്നാണ് ഗതാഗത വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടിയന്തിര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമാകില്ല.
ഈ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, വായു നിലവാരം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ മാസത്തോടെ ഈ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 22-ലെ റിപ്പോര്‍ട്ട് അനുസരിച്ച് വായു നിലവാരം അപകടമായ രീതിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് വീണ്ടും ഇത്തരം വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡല്‍ഹി മേഖലയെ ബാധിച്ചിരിക്കുന്ന രൂക്ഷമായ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മുന്‍ സംഭവങ്ങളില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ള വിശദീകരണം.
ഗ്രേഡഡ് റെസ്‌പോണ്‍ ആക്ഷന്‍ പ്ലാനിന്റെ മൂന്നാം ഘട്ടത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് ഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വാഹനങ്ങള്‍ക്ക് പുറമെ, പല മേഖലകളില്‍ നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു.
വായുമലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ മുമ്പും നിരോധനം പ്രഖ്യാപിച്ചിരുന്നു. മുന്‍ നിര്‍ദേശം അനുസരിച്ചും ബി.എസ്.3, ബി.എസ്.4 എമിഷന്‍ സ്റ്റാന്റേഡിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമായിരുന്നു. ബി.എസ്-6 ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ അനുവദിച്ചിരുന്നു.
സി.എന്‍.ജിയില്‍ ഓടുന്ന വാഹനങ്ങളെയും അവശ്യ സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമാകില്ലെന്നാണ് വിലയിരുത്തലുകള്‍. അതിര്‍ത്തി കടന്ന് എത്തുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമായിരുന്നു.