കൊച്ചി: മുൻ ഗവൺമെന്റ് പ്ലീഡർ പിജി മനുവിനെതിരായ ബലാത്സംഗ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അതിജീവിതയുടെ ശാരീരിക മാനസിക അവസ്ഥയിൽ ഡോക്ടറുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അതിജീവിതയോട് സംസാരിക്കാൻ കോടതിയിലെ മുതിർന്ന വനിതാ അഭിഭാഷകയെ അയക്കുന്ന കാര്യം പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അതിജീവിതയുടെ അഭിഭാഷകനോടും കോടതി മറുപടി തേടിയിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും. നിലവിലെ സാഹചര്യത്തിൽ അടച്ചിട്ട കോടതിയിൽ വാദം കേൾക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിലാണ് പ്രതിയായ ഹൈക്കോടതിയിലെ സീനിയർ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ പുറത്താക്കിയത്. ചോറ്റാനിക്കര പോലീസ് കേസ് എടുത്തതിന് പിറകെ അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് യുവതിയെ ബലാത്സഗം ചെയ്തെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് കണ്ടെത്തിയാണ് പിജി മനുവിനോട് അഡ്വക്കറ്റ് ജനറൽ രാജി ആവശ്യപ്പെട്ടത്. സർക്കാറിനായി നിരവധി ക്രിമിനൽ കേസുകളിൽ ഹാജരായ വ്യക്തിയിൽ നിന്ന് ഒരു തരത്തിലും സംഭവിക്കാൻ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായതെന്നും എജി ഓഫീസ് വിലയിരുത്തി.
2018 ൽ ഉണ്ടായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയാണ് പരാതിക്കാരി. ഈ കേസിൽ 5 വർഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പോലീസ് നിർദ്ദേശപ്രകാരം സർക്കാർ അഭിഭാഷകനായ പിജി മനുവിനെ സമീപിച്ചതെന്നാണ് യുവതി നൽകിയ മൊഴി. ഇക്കഴിഞ്ഞ ഒക്ടോബർ 9ന് അഭിഭാഷകന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫീസിലെത്തിയപ്പോൾ തന്റെ കടന്ന് പിടിച്ച് മാനഭംഗപ്പെടുത്തിയെന്നും പിന്നീട് തന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും മൊഴിയിലുണ്ട്. അഭിഭാഷകൻ അയച്ച വാട്സ് ആപ് ചാറ്റുകൾ, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പോലീസിന് കൈമാറിയിട്ടുണ്ട്.