ചെന്നൈ: ഏതാനും മാസംമുമ്പ് ബി.ജെ.പി.യിൽനിന്ന് രാജിവെച്ച നടിയും നർത്തകിയുമായ ഗായത്രി രഘുറാം കോൺഗ്രസിൽ ചേരാനൊരുങ്ങുന്നു. പാർട്ടിയിലേക്ക് ഗായത്രി 1380 രൂപ സംഭാവന നൽകിയതാണ് കൂടുമാറ്റം ഏതാണ്ട് ഉറപ്പാക്കിയത്. ഇതോടൊപ്പം സാമൂഹികമാധ്യമമായ എക്സിൽ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമർശനവും ഉന്നയിച്ചു.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്നതരത്തിൽ പ്രവർത്തിക്കുന്ന സ്വാർഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുമതത്തിന്റെ പേരിൽ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവർന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോൺഗ്രസിന് സംഭാവന നൽകുക -ഗായത്രി എക്സിൽ കുറിച്ചു.
കോൺഗ്രസിന്റെ 138-ാം വാർഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നൽകിയതിന്റെ രേഖയും കുറിപ്പിനൊപ്പം ഗായത്രി എക്സിൽ പങ്കുവെച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ കീഴിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം പാർട്ടിവിട്ടത്. ഒരുവിഭാഗം തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം നടത്തുമ്പോൾ നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് അവർ ആരോപിച്ചു.
അണ്ണാമലൈയെ നുണയനെന്നാണ് ഗായത്രി വിശേഷിപ്പിച്ചത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളിൽ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നെന്നും ആരോപിച്ചു.
ഒരു മലയാളചിത്രത്തിലും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഗായത്രി എട്ടുവർഷംമുമ്പാണ് ബി.ജെ.പി.യിൽ ചേർന്നത്. പാർട്ടി കലാവിഭാഗത്തിന്റെ ചുമതല ലഭിച്ചു. കുറച്ചുകാലംമുമ്പ് ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും പിന്നീട് വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുകയുമായിരുന്നു.