കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പ് കുത്തനെ കയറുകയായിരുന്നു സ്വര്‍ണവില. പിന്നീട് അതേ വേഗതയില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറുകയാണ്. ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. വിപണിയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതാണ് നേരിയ വര്‍ധനവിന് കാരണം. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിന് സാധ്യതയുണ്ട്.
ഈ മാസം ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് കേരളത്തില്‍ രേഖപ്പെടുത്തിയ വില 46160 രൂപയായിരുന്നു. കഴിഞ്ഞ മാസം 45000ത്തിലായിരുന്നു സ്വര്‍ണം. ഈ മാസം മാറ്റം വന്നതോടെ സ്വര്‍ണം കുതിച്ചുകയറുന്നതാണ് കണ്ടത്. നാലാം തിയ്യതി സര്‍വകാല റെക്കോര്‍ഡ് വിലയായ 47080 രൂപയിലെത്തി. എന്നാല്‍ തൊട്ടടുത്ത ദിവസം 800 രൂപയും ശേഷം 320 രൂപയും കുറഞ്ഞു.
ഇന്ന് കേരളത്തില്‍ ഒരു പവന് നല്‍കേണ്ട വില 46040 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 80 രൂപ മാത്രമാണ് വര്‍ധിച്ചത് എങ്കിലും 46000ത്തിന് മുകളിലേക്ക് വീണ്ടും സ്വര്‍ണമെത്തി എന്നതാണ് എടുത്തു പറയേണ്ടത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5755 രൂപയിലെത്തി. ഇന്ന് ഒരു പവന് ആഭരണം വാങ്ങണമെങ്കില്‍ 50000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്.
ഡോളര്‍ സൂചിക ഇന്ന് കയറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 103ലായിരുന്ന സൂചിക 104ലേക്ക് എത്തി. ഡോളര്‍ മൂല്യം കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളര്‍ മൂല്യം സ്ഥിരത കൈവരിച്ചു എന്ന് പറയാറായിട്ടില്ല. അതുകൊണ്ടുതന്നെ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.37 ആണ്. പശ്ചാത്യരാജ്യങ്ങളിലെ പണപ്പെരുപ്പം, പലിശ നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളാണ് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്.
എണ്ണവില കുത്തനെ ഇടിയുന്നതാണ് വിപണിയില്‍ കാണുന്ന മറ്റൊരു മാറ്റം. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 74.66 ഡോളറാണ് വില. ഒരു മാസം മുമ്പ് 93 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പിന്നീട് ഇടിയുകയും പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ നേരിയ മുന്നേറ്റം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, പിന്നീട് ക്രമേണ കുറയുകയാണ് എണ്ണവില. ഇത് എണ്ണ രാജ്യങ്ങളെ അസ്വസ്ഥമാക്കും.
എണ്ണവില വര്‍ധിപ്പിക്കാനാണ് സൗദി അറേബ്യയും റഷ്യയും ആലോചിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ ഗള്‍ഫ് പര്യടനത്തില്‍ സുപ്രധാന ചര്‍ച്ച എണ്ണവിലയാണ്. സൗദി അറേബ്യയും യുഎഇയും ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. അതേസമയം, ഇറാഖ്, വെനസ്വേല, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ആലോചന.