ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഡോക്ടറെയും കുടുംബത്തെയും മരിച്ചനിലയില്‍ കണ്ടെത്തി. റായ്ബറേലി മോഡേണ്‍ റെയില്‍കോച്ച് ഫാക്ടറിയിലെ മെഡിക്കല്‍ ഓഫീസറും മിര്‍സാപുര്‍ സ്വദേശിയുമായ ഡോ. അരുണ്‍കുമാര്‍, ഭാര്യ അര്‍ച്ചന, മകള്‍ ആദിവ(12) മകന്‍ ആരവ്(4) എന്നിവരെയാണ് റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഡോക്ടര്‍ ജീവനൊടുക്കിയെന്നാണ് പോലീസ് നല്‍കുന്നവിവരം. അടുത്തിടെയായി ഡോക്ടര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നും പോലീസ് പറയുന്നു.
നേത്രരോഗ വിദഗ്ധനായ അരുണ്‍കുമാര്‍ റായ്ബറേലി കോച്ച് ഫാക്ടറിയിലാണ് ജോലിചെയ്തിരുന്നത്. ഡോക്ടറെയും കുടുംബത്തെയും സഹപ്രവര്‍ത്തകര്‍ അവസാനമായി കണ്ടത് ഞായറാഴ്ചയായിരുന്നു. തുടര്‍ന്ന് രണ്ടുദിവസമായിട്ടും ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്തിയില്ല.
ഇതോടെ സഹപ്രവര്‍ത്തകര്‍ അരുണ്‍കുമാറിനെ തിരഞ്ഞ് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെത്തി. എന്നാല്‍, സഹപ്രവര്‍ത്തകര്‍ ഏറെനേരം കോളിങ് ബെല്ലടിച്ചിട്ടും ആരുടെയും പ്രതികരണമുണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറിയതോടെയാണ് നാലുപേരെയും ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.
സംഭവസ്ഥലത്തുനിന്ന് ഒരു ചുറ്റികയും ചില ഇന്‍ജക്ഷനുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ക്വാര്‍ട്ടേഴ്‌സില്‍ രക്തക്കറയും ഉണ്ടായിരുന്നു. ഭാര്യയ്ക്കും മക്കള്‍ക്കും മരുന്ന് നല്‍കിയശേഷം അരുണ്‍കുമാര്‍ ഇവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
സംഭവത്തിന് ശേഷം ഡോക്ടര്‍ കൈമുറിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ കൂടുതല്‍ വ്യക്തതലഭിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാകണമെന്നും പോലീസ് വ്യക്തമാക്കി.
അരുണ്‍കുമാറും കുടുംബവും റെയില്‍വേ കോളനിയില്‍ താമസിക്കുന്നവരുമായി നല്ലരീതിയിലാണ് ഇടപെട്ടിരുന്നതെന്ന് സമീപവാസികളും പ്രതികരിച്ചു. കുടുംബപ്രശ്‌നങ്ങളാകാം സംഭവത്തിന് കാരണമായതെന്നും അയല്‍ക്കാരനായ കമല്‍കുമാര്‍ ദാസ് പറഞ്ഞു.