KeralaNews

ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല,വീട് പണയം വെച്ച് ബൈജു രവീന്ദ്രൻ

ബെംഗളൂരു: ജീവനക്കാർക്ക് ശമ്പളം നൽകാൻ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രൻ. എഡ്‌ടെക് കമ്പനിയായ ബൈജൂസ്‌ കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി പണം സ്വരൂപിക്കുന്നതിനായി തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോർട്ട്.

ബെംഗളൂരുവിൽ ബൈജുവിന്റെ  ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന. 12 മില്യൺ ഡോളർ കടം വാങ്ങാൻ ഇവ ഈദ് നൽകിയതായാണ് റിപ്പോർട്ട്. 

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റിലെ 15,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ ഫണ്ട് ഉപയോഗിച്ചു. അതേസമയം, ബൈജു രവീന്ദ്രനോ ബൈജൂസിന്റെ പ്രതിനിധികളോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 

2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു.

ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓൺലൈൻ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്. കഴിഞ്ഞ ദിവസം, ആഗോള ടെക് നിക്ഷേപകരായ പ്രോസസ്, ബൈജൂസിന്റെ വിപണി മൂല്യം 3 ബില്യണിൽ താഴെയായി കുറച്ചു.

2022 ജൂലൈയിൽ  22.5 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പായിരുന്നു ബൈജൂസ്. അതിൽ നിന്ന് 86% കുറവാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത് . കഴിഞ്ഞ വർഷം, പ്രോസസും ബ്ലാക്ക്‌റോക്കും ഉൾപ്പെടെയുള്ള ഓഹരി ഉടമകൾ ബൈജുസിന്റെ മൂല്യം മാർച്ചിൽ 11 ബില്യൺ ഡോളറായും മേയിൽ 8 ബില്യൺ ഡോളറായും ജൂണിൽ 5 ബില്യൺ ഡോളറായും വെട്ടിച്ചുരുക്കിയിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button