കണ്ണൂർ: തളിപ്പറമ്പിൽ നവകേരള സദസ്സ് കഴിഞ്ഞ മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ക്രൂര മർദ്ദനം. സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരാണ് കണ്ണൂർ പഴയങ്ങാടിയിൽ അക്രമം അഴിച്ചുവിട്ടത്.
പൊലീസും ഇവർക്കൊപ്പം പ്രതിഷേധക്കാരെ മർദ്ദിച്ചു. ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. സംഘർഷത്തിന് ശേഷം കരിങ്കൊടി കാട്ടിയവരുമായി പൊലീസ്, സ്റ്റേഷനിലേക്ക് പോയപ്പോൾ സിപിഎം പ്രവർത്തകരും ഇവിടേക്ക് സംഘടിച്ചെത്തി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രവർത്തകർ സംഘടിച്ച് പ്രതിഷേധിച്ചു.
കരിങ്കൊടി വീശി പ്രതിഷേധിച്ച ഒരു കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് തല്ലി. ഹെൽമറ്റും ചെടിച്ചട്ടിയും അടക്കം ഉപയോഗിച്ചായിരുന്നു ക്രൂര മർദ്ദനം. ഇയാളെ നിലത്തിട്ട് ചവിട്ടി. പൊലീസുകാരും കരിങ്കൊടി പ്രതിഷേധം നടത്തിയവരെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പഴയങ്ങാടി പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ സിപിഎം പ്രവർത്തകരുടെ വലിയ സംഘം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് സ്ഥലത്ത് പ്രതിഷേധിക്കുകയായിരുന്നു.
പഴയങ്ങാടിയിൽ മാധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായി. മീഡിയ വൺ ക്യാമറമാൻ ജൈസൽ ബാബുവിന് നേരെയാണ് കൈയേറ്റം ഉണ്ടായത്. മർദ്ദനത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹൻ ഉൾപ്പെടെ എഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.