കൊച്ചി:ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചത് മുതൽ പല കോണുകളിൽ നിന്നും വിമർശനങ്ങളും ശക്തമായിരുന്നു. യൂസ്വേന്ദ്ര ചാഹൽ, ശിഖർ ധവാൻ എന്നിവർക്കൊപ്പം മലയാളി താരം സഞ്ജു സാംസണെയും ടീമിൽ നിന്ന് തഴഞ്ഞതിനെതിരെ ഒരു വിഭാഗം ആരാധകർ ശക്തമായി പ്രതിഷേധിച്ചിരുന്നു.
നാലാം നമ്പർ മുതൽ ഏഴാം നമ്പർ വരെ ഏത് പൊസിഷനിലും വിശ്വസ്തനായിരുന്ന സഞ്ജുവിന് പകരം സൂര്യകുമാർ യാദവിനെ ടീമിൽ എടുത്തതിൽ അന്ന് തന്നെ എതിർപ്പുയർന്നിരുന്നു. ടി20യിൽ ലോക ഒന്നാംനമ്പർ ബാറ്ററായ സൂര്യയ്ക്ക് പക്ഷേ ഏകദിനത്തിൽ ആ മികവ് ആവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
മെച്ചപ്പെട്ട റെക്കോർഡുകൾ ഉണ്ടായിരുന്ന സഞ്ജുവിന് പകരം സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയ മാനേജ്മെന്റിന് പക്ഷേ തീരുമാനം പാളിയെന്ന് ബോധ്യപ്പെടാൻ ഫൈനലിലെ തോൽവി വേണ്ടി വന്നുവെന്നാണ് ആരാധകർ ഇപ്പോൾ പ്രതികരിക്കുന്നത്.
നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിലൂടെ സഞ്ജുവിന് വേണ്ടി രംഗത്ത് വന്നിരിക്കുന്നത്. ഫൈനലിൽ 28 പന്തിൽ 18 റൺസ് മാത്രമാണ് സൂര്യകുമാറിന് നേടാനായത്. നിർണായക ഘട്ടത്തിൽ ഫോമിലേക്ക് ഉയരാത്ത ഫിനിഷർ റോളിൽ കളിക്കുന്ന സൂര്യയുടെ പ്രകടനം തെല്ലൊന്നുമല്ല ആരാധകരെ ചൊടിപ്പിച്ചത്. സഞ്ജു സാംസണിന്റെ അഭാവം എത്രത്തോളം നിർണായകമായി എന്നും അവർ തങ്ങളുടെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഏകദിനത്തിൽ ശരാശരി 25 റൺസിൽ താഴെയുള്ള സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയതിന് പകരം സഞ്ജു ഉണ്ടായിരുന്നെങ്കിൽ എന്നാണ് ആരാധകർ ചോദിക്കുന്നത്. ടീമിൽ സൂര്യകുമാറിനെ ഭാവിയെ കുറിച്ചും ചോദ്യം ഉയരുന്നു.
നിരന്തരം പരാജയപ്പെടുന്ന താരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിന് പകരം സഞ്ജുവിനെ പോലെയുള്ളവർക്ക് എന്ത് കൊണ്ട് അവസരം നൽകുന്നില്ലെന്ന പ്രസക്തമായ ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഋഷഭ് പന്ത് മടങ്ങി വരാൻ വൈകുമെന്ന് ഉറപ്പായ സ്ഥിതിക്ക് സഞ്ജു സാംസണും, ഇഷാൻ കിഷനും ടീമിലെ സ്ഥാനത്തിന് വേണ്ടി പോരാടും എന്നാണ് കരുതുന്നത്.
എന്നാൽ അവിടെയും മാനേജ്മെന്റിന് താൽപര്യം കിഷനെയാണ്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
ഇന്ത്യയെ ആറ് വിക്കറ്റിന് തകർത്തായിരുന്നു ഓസ്ട്രേലിയയുടെ ലോക കിരീട വിജയം. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഓസീസ് നേടുന്ന ആദ്യ കിരീടമാണിത്. ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ(137) സെഞ്ച്വറിയാണ് ഓസീസിന് ആറ് വിക്കറ്റിന്റെ വമ്പന്‍ ജയം സമ്മാനിച്ചത്. ഇന്ത്യ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസമായിരുന്നു ഓസീസിന്റെ ബാറ്റിംഗ് .
241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീണ് ചെറിയ രീതിയില്‍ സമ്മര്‍ദത്തിലായെങ്കിലും അതിനെയെല്ലാം മറികടന്നാണ് അവര്‍ വിജയം നേടിയത്. പത്ത് മത്സരങ്ങൾ അപരാജിതരായി എത്തിയ ഇന്ത്യയ്ക്ക് പക്ഷേ ഫൈനലിൽ കാലിടറുകയായിരുന്നു.