ബെയ്ജിങ്: ഇതുവരെ അറിയപ്പെടാതിരുന്ന 8 വൈറസുകളെ ചൈനീസ് ഗവേഷകർ കണ്ടെത്തി. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസ് കുടുംബത്തിലേതാണ്. കോവ്–എച്ച്എംയു–1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്നാൻ ദ്വീപിലാണ് ഇവയെ കണ്ടെത്തിയത്.
മനുഷ്യരിലേക്കു വ്യാപിക്കാൻ ശേഷി നേടിയാൽ ശക്തമായ മഹാമാരികൾക്കു കാരണമാകുന്നവയാണ് ഇവയെന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. 2017–2021 കാലയളവിൽ ഹെയ്നാൻ ദ്വീപിലെ മൂഷികവർഗത്തിൽ നിന്നെടുത്ത 682 സാംപിളുകളിൽ നിന്നാണ് വൈറസുകളെ കണ്ടെത്തിയത്.
മഞ്ഞപ്പനി, ഡെങ്കി എന്നിവയ്ക്കു കാരണമാകുന്ന ഫ്ലാവിവൈറസുകളുടെ കുടുംബത്തിൽ പെടുന്ന പെസ്റ്റി, കടുത്ത പനിക്കു കാരണമാകുന്ന ആസ്ട്രോ , പാർവോ, ഗുഹ്യരോഗങ്ങൾ വരുത്തുന്ന പാപ്പിലോമ എന്നീ വിഭാഗങ്ങളിൽപെടുന്നവയാണു വൈറസുകൾ.
ചൈനീസ് ജേണലായ വൈറോളജിക്ക സിനിക്കയിലാണ് ഗവേഷണം പ്രസിദ്ധീകരിച്ചത്. കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് വിവാദത്തിലായ വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ കേന്ദ്ര ഡയറക്ടറായ ഡോ. ഷി ഴെങ്ലിയാണ് ജേണലിന്റെ എഡിറ്റർ.