തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. രാഷ്ട്രീയരംഗത്തു വരുന്ന മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നപ്ര-വയലാര്‍ സമരനായകനായ പി.കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി ജോസ് വിഭാഗത്തെ പുകഴ്ത്തി രംഗത്ത് വന്നത്.
മാണി കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജോസ് കെ. മാണി-പി.ജെ ജോസഫ് തര്‍ക്കങ്ങള്‍ ഇടപെട്ട് പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകര്‍ന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകര്‍ച്ചയ്ക്ക് വേഗത കൂട്ടും. യുഡിഎഫില്‍ ബഹുജന പിന്തുണയുള്ള പാര്‍ട്ടികളിലൊന്നാണ് കേരള കോണ്‍ഗ്രസ്. കേരള കോണ്‍ഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതല്‍ ദുര്‍ബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ഉണ്ടായിരുന്ന എല്‍ജെഡി യുഡിഎഫ് വിട്ട് ഇപ്പോള്‍ എല്‍ഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പ്രതിഫലിക്കുമെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.