ടിക് ടോക്കിനെ വെല്ലുന്ന ടിക്ക് ടിക്ക് ആപ്പുമായി തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി
തിരുവനന്തപുരം: ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് ടിക് ടോക്ക് പ്രേമികള്‍ക്ക് കനത്ത ആഘാതമായിരിന്നു. എന്നാലിപ്പോള്‍ ടിക് ടോക്കിന് പകരം പുതിയ ആപ്പിറക്കി താരമായിരിക്കുകയാണ് തലസ്ഥാനത്തെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ടിക്ക് ടിക്ക് എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്‍ ഒരുദിവസം കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തിലധികമാളുകളാണ്. സ്വന്തമായി എഡിറ്റ് ചെയ്ത് വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ആപ്പില്‍ ചാറ്റിംഗ് സൗകര്യമുണ്ട്.
സ്വന്തമായൊരു ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുക എന്നത് ആശിഷ് സാജനെന്ന ഇരുപത്തി മൂന്നുകാരന്റെ സ്വപ്നമായിരുന്നു. എന്‍ജിനീയറിംഗിന് ഐടി തന്നെ തെരഞ്ഞെടുത്തു. പഠനമുറി കുഞ്ഞന്‍ ആപ്പുകളുടെ പണിപ്പുരയാക്കി നിരവധി പരീക്ഷണങ്ങളും നടത്തി. അങ്ങനെയാണ് ടിക്ക്‌ടോക്ക് നിരോധിച്ച അതേദിവസം ടിക്ക്‌ടോക്കിനെ വെല്ലുന്ന പുത്തന്‍ ടിക്ക്ടിക്ക് ആപ്ലിക്കേഷന് ആശിഷ് രൂപം നല്‍കിയത്.
ടിക്ക്‌ടോക്കിനേക്കാള്‍ മികച്ച സൗകര്യങ്ങളാണ് ടിക്ക് ടിക്ക് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വര്‍ഷ ഐടി വിദ്യാര്‍ത്ഥിയാണ് ആശിഷ്. കൂടുതല്‍ ആളുകള്‍ ടിക്ക് ടിക്ക് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കൂടുതല്‍ വ്യത്യസ്ഥ ഫീച്ചറുകള്‍ ടിക്ക്ടിക്കില്‍ ഉള്‍പ്പെടുത്താനാണ് ഈ യുവ സംരംഭകന്റെ തീരുമാനം.
യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പെടെ 59 മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്. ഡേറ്റാ സുരക്ഷയും പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമുള്ള നടപടി.