തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യു.പി. സ്കൂളിലെ നൂറോളം വിദ്യാര്‍ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. പകര്‍ച്ച വ്യാധിയാണെന്നാണ് സംശയം. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ അറിയിച്ചു. ആരോഗ്യവിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍ ചൊവ്വാഴ്ച ഉച്ചയോടെ അടച്ചു.
ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്. ചൊറിച്ചില്‍ ആദ്യം അനുഭവപ്പെട്ട അഞ്ച് കുട്ടികള്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കിയിരുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. പിന്നീട് വെള്ളിയാഴ്ച കൂടുതല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു. ഇതോടെ രോഗം പടര്‍ന്ന ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു.
തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികളെ അതേ ക്ലാസില്‍ത്തന്നെ വീണ്ടും പ്രവേശിപ്പിച്ചു. ഇതോടെ വീണ്ടും ചൊറിച്ചില്‍ അനുഭവപ്പെട്ടെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങിയ ആദ്യഘട്ടത്തില്‍ അധ്യാപകര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രക്ഷിതാക്കളാണ് ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സ്കൂളിലെത്തി കുട്ടികളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പകര്‍ച്ചവ്യാധിയാണെന്നാണ് സംശയം.