തിരുവനന്തപുരം: മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിന് തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അഖില്‍ മാത്യുവിനോട് വിശദീകരണം തേടിയിരുന്നുവെന്നും തന്നെ ഇതിലേക്ക് മനഃപൂര്‍വം വലിച്ചിഴച്ചതാണെന്നാണ് അദ്ദേഹത്തിന്റെ മറുപടിയെന്നും മന്ത്രി പറഞ്ഞു. അഖില്‍ മാത്യു തന്റെ ബന്ധുവല്ല, സ്റ്റാഫ് അംഗം മാത്രമാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി വ്യക്തമാക്കി.
സംഭവത്തില്‍ സെപ്റ്റംബര്‍ 23ന് തന്റെ നിര്‍ദേശപ്രകാരം പി.എസ്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍നിന്ന്
ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രട്ടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫിസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പി.എസിന് നിര്‍ദേശം നല്‍കി.
13.09.2023ന് രജിസ്ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പി.എസ്. പോലീസിന് പരാതി നല്‍കി. പേഴ്സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പോലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരും.
ഇനി ഒരു കാര്യം കൂടി- അഖില്‍ മാത്യു എന്റെ ബന്ധുവല്ല. എന്റെ സ്റ്റാഫ് മാത്രമാണ്.
വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും സി.ഐ.ടി.യു. പത്തനംതിട്ട ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും പണം തട്ടിയെന്നാണ് ഹരിദാസിന്റെ പരാതി. ആയുഷ് മിഷന് കീഴില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി ഹോമിയോ വിഭാഗത്തില്‍ നിയമനം വാഗ്ദാനം ചെയ്താണ് ഇരുവരും പണം വാങ്ങിയതെന്നാണ് ആരോപണം. താത്കാലിക നിയമനത്തിന് അഞ്ചുലക്ഷവും സ്ഥിരപ്പെടുത്തുന്നതിന് 10 ലക്ഷവും ഉള്‍പ്പടെ 15 ലക്ഷമാണ് സംഘം ആവശ്യപ്പെട്ടത്. ഭരണം മാറും മുമ്പ് നിയമനം സ്ഥിരപ്പെടുത്തുമെന്ന് ഉറപ്പുനല്‍കിയതായും പരാതിയില്‍ പറയുന്നു.