തിരുവനന്തപുരം – ചെന്നൈ മെയിലിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തൃപ്പൂണിത്തുറയിൽ വെച്ച് പൂട്ടിയത് കോട്ടയം റെയിൽവേ പോലീസിന്റെ അതിവേഗ ഇടപെടലിനെ തുടർന്ന്… _ചെന്നൈ മെയിലിൽ യാത്ര ചെയ്തുകൊണ്ടിരുന്ന യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ താമരക്കുളം സ്വദേശിയായ ജിനു സാമുവലിനെ കോട്ടയം റെയിൽവേ പോലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു.
കോട്ടയം സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ട ശേഷം ജിനുവിന്റെ ശല്യം സഹിക്കാതെ യുവതി റെയിൽവേ കണ്ട്രോളിൽ ബന്ധപ്പെടുകയായിരുന്നു. കോട്ടയം റെയിൽവേ പോലീസിന്റെ പരിധിയിലായതിനാൽ കണ്ട്രോളിൽ നിന്നും കോട്ടയം എസ് എച്ച് ഒ റെജി പി ജോസഫിന് വിവരങ്ങൾ കൈമാറുകയായിരുന്നു.
റെജി പി ജോസഫിന്റെ നിർദേശപ്രകാരം കോട്ടയം – എറണാകുളം ട്രെയിനുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സി. വി ലിബിൻ, ഗോകുൽ തിലക് എന്നിവർ തൃപ്പൂണിത്തുറ സ്റ്റേഷനിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ രക്ഷപെടാൻ ശ്രമിച്ച പ്രതിയെ യാത്രക്കാരുടെ സഹായത്തോടെ സാഹസികമായി പിടികൂടുകയായിരുന്നു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിലെത്തിച്ച് കേസ് രെജിസ്റ്റർ ചെയ്തു. വനിതാ പോലീസിന്റെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് കോട്ടയം സബ് ജയിലിലേയ്ക്ക് മാറ്റി.
ട്രെയിനിൽ സ്ത്രീകൾക്ക് എതിരെ അതിക്രമങ്ങൾ വർദ്ധിച്ചു വരുകയാണ്. ജനറൽ കമ്പാർട്ട്മെന്റിൽ നടക്കുന്ന അതിക്രമങ്ങളിൽ പ്രതികളെ കണ്ടെത്താൻ പലപ്പോഴും പോലീസിന് കാലതാമസം എടുക്കാറുണ്ട്.
ഈ സാഹചര്യത്തിലാണ് കോട്ടയം പോലീസിന്റെ അതിവേഗം ഇടപെടലിൽ പ്രതിയെ കുടുക്കിയത്. ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കടുത്ത നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും പ്രതിയെ പിടികൂടിയ ഗോകുൽ തിലകും സി.വി ലിബിനും അഭിനന്ദനങ്ങൾ അർഹിക്കുന്നതായും കോട്ടയം എസ് എച്ച് ഒ. റെജി പി ജോസഫ് പറഞ്ഞു.