ചെന്നൈ: ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ കള്ളക്കടത്തിന് പിടിയില്‍. വ്യാഴാഴ്ച ചെന്നൈയിലെത്തിയ ഒമാന്‍ എയര്‍ വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗം പേരേയുമാണ് കസ്റ്റംസ് പിടികൂടിയത്. പുതിയ ഐ ഫോണ്‍, ഗൂഗിള്‍ ഫോണ്‍ എന്നിവ അനധികൃതമായി കടത്തിക്കൊണ്ടുവന്നതിനാണ് നടപടി. വിലയേറിയ ഗാഡ്ജെറ്റുകള്‍ കടത്താന്‍ ഒരാള്‍ യാത്രക്കാരെ ഉപയോഗിച്ചതായാണ് കസ്റ്റംസ് വിശദമാക്കുന്നത്.
സഹയാത്രികരെ ഇത്തരത്തില്‍ കള്ളക്കടത്തിന് ക്യാരിയറായി ഉപയോഗിക്കുന്നതിനെ കുരുവി എന്ന പേരിലാണ് തമിഴ്നാട്ടില്‍ അറിയപ്പെടുന്നത്. വിമാനത്തില്‍ വച്ചാണ് സഹ യാത്രികന്‍ ഗാഡ്ജറ്റ് നല്‍കിയതെന്നാണ് പിടിയിലായ ഒരാള്‍ നല്‍കിയിരിക്കുന്ന മൊഴി. കമ്മീഷനും ചോക്കലേറ്റും മറ്റ് സാധനങ്ങളുമാണ് കള്ളകടത്തിന് പ്രതിഫലമായി വാഗ്ധാനം ചെയ്തിരിക്കുന്നത്. വലിയ തോതില്‍ സ്വര്‍ണവും ഗാഡ്ജെറ്റുകളും കുങ്കുമപ്പൂവും കടത്തുന്നുവെന്ന രഹസ്യ വിവരത്തേ തുടര്‍ന്നാണ് ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ശക്തമാക്കിയത്.
മസ്കത്തില്‍ നിന്ന് എത്തിയ വിമാനത്തിലെ യാത്രക്കാരെയാണ് ഇത്തരത്തില്‍ കുരുവികളായി ഉപയോഗിച്ചത്. എന്നാല്‍ വലിയ റാക്കറ്റുകളുടെ ഭാഗമായാണോ ഇത്തരത്തിലെ കള്ളക്കടത്തെന്നത് ഇനിയും വ്യക്തമായിട്ടില്ലെന്നാണ് വിവരം. മണിക്കൂറുകളോളം യാത്രക്കാരെ തടഞ്ഞുവച്ച് കസ്റ്റംസ് ചോദ്യം ചെയ്താണ് വിവരങ്ങള്‍ ശേഖരിച്ചത്. ഈ ചോദ്യം ചെയ്യലിലാണ് 73 യാത്രക്കാര്‍ക്ക് കള്ളക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് 113 യാത്രക്കാരെ പരിശോധിച്ചത്.
13 കിലോ സ്വര്‍ണം, 120 ഐഫോണുകള്‍, 84 ആന്‍ഡ്രോയിഡ് ഫോണുകള്‍, വിദേശ സിഗരറ്റുകള്‍, ലാപ്ടോപ് എന്നിവയാണ് തെരച്ചിലില്‍ കണ്ടെത്തിയത്. 14 കോടിയോളം രൂപയുടെ കള്ളക്കടത്തിനാണ് പിടിവീണത്. 113 പേര്‍ക്കെതിരെയും കേസ് എടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു. നികുതിവെട്ടിച്ച് ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കം കടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്.