കോട്ടയം: വികസനം അടക്കമുള്ള വിഷയങ്ങളുയർത്തി പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം. ബിജെപി 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്. വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പുതുപ്പള്ളി അവികസിത മണ്ഡലമാണെന്ന ആരോപണം ഉയര്‍ത്തിയത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍കൂടിയായ ലിജിന്‍ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി. ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചിരുന്നു. രാഷ്ട്രീയപരമായിരിക്കും പ്രചാരണം. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അരമനകൾ കയറിയും ഈസ്റ്റർ ഉൾപ്പെടെയുള്ള ആഘോഷവേളകളിൽ നേതാക്കളടക്കം ക്രിസ്തീയ ഭവനങ്ങൾ സന്ദർശിച്ചുമൊക്കെ സമുദായത്തെ തങ്ങളിലേക്കടുപ്പിക്കാൻ നടത്തിയ തന്ത്രങ്ങളൊന്നും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വിലപ്പോയില്ല. വലിയ അവകാശവാദങ്ങളുമായി കളത്തിലിറങ്ങിയ പാർട്ടി പുതുപ്പള്ളിയിൽ പതിച്ചത് തകർച്ചയുടെ പടുകുഴിയിലേക്കാണ്.