കൊച്ചി:മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനിയാണ് ആസിഫ് അലി. ആസിഫ് അലിയെ പോലെ നടന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സമയ്ക്കും മക്കളായ ആദുവിനും ഹയയ്ക്കുമൊപ്പം സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് നടൻ. സിനിമകളുടെ തിരക്കിലാണെങ്കിൽ പോലും കുടുംബത്തിനായി ആസിഫ് അലി സമയം കണ്ടെത്താറുണ്ട്.
ഇപ്പോഴിതാ മക്കളുണ്ടായ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും പാരന്റിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് നടൻ. മകൻ ജനിച്ച ശേഷമാണ് തന്റെ മാതാപിതാക്കളുടെ സ്നേഹം താൻ മനസിലാക്കിയത് എന്നാണ് ആസിഫ് പറയുന്നത്.നടത്തിയ ഓണം സ്പെഷ്യൽ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഞാൻ എട്ടാം ക്ലാസ് മുതൽ ബോർഡിങ് സ്കൂളിലായിരുന്നു. അനിയൻ ജനിച്ചപ്പോൾ എന്നോട് ഇഷ്ടം കുറവായത് കൊണ്ടാണ് ബോർഡിങ് സ്കൂളിൽ ആക്കിയത് എന്നായിരുന്നു എന്റെ ചിന്ത. ആ വിശ്വാസത്തിലാണ് കുറേക്കാലം ജീവിച്ചിരുന്നത്. മകൻ ജനിച്ച ശേഷമാണ് സത്യത്തിൽ ഞാൻ വാപ്പയുടെയും ഉമ്മയുടെയും സ്നേഹം മനസിലാക്കിയത്’,
‘സമയെ പ്രസവത്തിനായി ലേബർ റൂമിലേക്ക് കൊണ്ടുപോകുമ്പോൾ ഡോക്ടർ എന്നോട് കൂടെവരണമെന്ന് പറഞ്ഞു. ആദുവിനെ ഡെലിവറി എടുക്കുമ്പോൾ സമ എന്റെ കയ്യിൽ പിടിച്ചിട്ടുണ്ട്. അവൻ വരുന്നതൊക്കെ ഞാൻ കാണുന്നുണ്ട്. ആ സമയത്ത് സമയോടുള്ള എന്റെ റിലേഷൻ തന്നെ മാറിപ്പോയി. അവിടെന്ന് എന്റെ ലൈഫ് ചേഞ്ചിങ് ആയിരുന്നു. അതിനു ശേഷം ഞാൻ ഇറങ്ങി വന്ന് ആദ്യം ചെയ്തത് എന്റെ വാപ്പയെയും ഉമ്മയെയും കെട്ടിപ്പിടിക്കുകയാണ്’,
‘ഞാൻ ജനിക്കുന്ന സമയത്ത് അവർക്കും ഇത്രയും എക്സൈറ്റ്മെന്റ് ഉണ്ടായിക്കാണും. അവരെയാണ് ഞാൻ അവോയ്ഡ് ചെയ്തിരുന്നത് എന്ന് എനിക്ക് മനസിലായി. എപ്പോഴും എനിക്ക് വീട് അവസാന ഓപ്ഷനായിരുന്നു. എനിക്ക് എപ്പോൾ ഫ്രീ കിട്ടിയാലും എന്റെ ഫ്രെണ്ട്സുണ്ടോ എന്നാണ് ഞാൻ നോക്കുന്നത്. ആരുമില്ലെങ്കിൽ വീട്ടിൽ പോകാം എന്നതായിരുന്നു ആറ്റിട്യൂഡ്. അത് മാറിയത് ആദു ഉണ്ടായ ശേഷമാണ്. അവിടം മുതൽ എപ്പോഴും എന്റെ കൂടെ കുടുംബവും സുഹൃത്തുക്കളും വേണം എന്നുണ്ട്,’ ആസിഫ് അലി പറഞ്ഞു. തുടർന്നാണ് പാരന്റിങ്ങിനെ കുറിച്ച് സംസാരിച്ചത്.
‘ഞാനും സമയും കണ്ടുമുട്ടി നാല് മാസം കഴിഞ്ഞ് വീട്ടിൽ സംസാരിച്ചു. പിന്നെ എൻഗേജ്മെന്റും കല്യാണവുമെല്ലാം പെട്ടന്നായിരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്. അവിടെന്ന് എല്ലാം ഒരുമിച്ചാണ് എക്സ്പ്ലോർ ചെയ്തത്. പാരന്റിങ് അടക്കം എല്ലാം പുതിയ കാര്യമായിരുന്നു. പാരന്റിങ്ങിലേക്ക് കടന്നതോടെ എനിക്ക് ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നും സമയ്ക്കും അതുപോലെ ഉണ്ടെന്നും ഞങ്ങൾ ഒന്നിച്ചു ചെയ്യേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നും മനസിലാക്കി’,
‘ഓരോ വർഷം കഴിയുന്തോറും പാരന്റിങ്ങിൽ ഒരുപാട് കാര്യങ്ങൾ മാറുന്നുണ്ട്. ആദു ജനിച്ചപ്പോൾ എൻഐസിയുവിൽ വെക്കാനായിട്ട് കൊണ്ടുപോകുമ്പോൾ ഒരു ഫോം തന്നു. അതിൽ റിലേഷൻഷിപ്പ് വിത്ത് പേഷ്യന്റ് എന്ന കോളമുണ്ടായിരുന്നു. അത് ഫിൽ ചെയ്യാതെ പേനയും പിടിച്ച് സ്റ്റക്കായി നിൽക്കുകയായിരുന്നു ഞാൻ. അന്നുണ്ടായിരുന്ന ഞാനും ഇന്നുള്ള ഞാനും കുറേക്കൂടി ചെറുപ്പമായി. അന്ന് ഞാൻ അച്ഛനാകാൻ വേണ്ടി പക്വത കാണിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അത് ആവശ്യമില്ലെന്ന് മനസിലായി’,
‘അവർക്ക് സ്പേസ് കൊടുക്കണം, സമയം കൊടുക്കണം എന്നേ എനിക്കുള്ളു. അവരുടെ കൂടെ സമയം ചെലവഴിക്കാനാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. ട്രാവൽ ചെയ്യുന്ന സമയത്ത് പറ്റിയില്ലെങ്കിലും ലൊക്കേഷനിൽ അവരെ കൊണ്ടുപോകും, ഡബ്ബിങ്ങിന് കൊണ്ടുപോകും. ഞാൻ ചെയ്യുന്നത് എന്താണ്, ഞാൻ എങ്ങനെയാണ് ആളുകളോട് സംസാരിക്കുന്നതെന്ന് എന്റെ മക്കൾ കണ്ട് പഠിക്കണമെന്നാണ് എന്റെ ആഗ്രഹം. ഒഴിമുറി എന്ന സിനിമയിൽ പറയുന്നുണ്ട് നിങ്ങളുടെ അച്ഛൻ തന്നെയാണ് നിങ്ങൾ എന്നാണ്. അവരുടെ റിഫ്ലക്ഷനാണ് നമ്മൾ. അത് വേറൊരു ഫോമിലായിരിക്കാമെന്നേയുള്ളൂ’,
‘എന്റെ വാപ്പയിൽ നിന്ന് ഞാനത് അനുഭവിച്ചിട്ടുണ്ട്. വാപ്പയ്ക്കുള്ള എല്ലാ സ്വഭാവവും എനിക്കുണ്ട്. അത് ഞാൻ കണ്ടു പഠിച്ചതോ കാണാതെ പഠിച്ചതോ ഡിഎൻഎയിലുള്ളതോ ആയിരിക്കാം. അത് തന്നെയാണ് എന്റെ മക്കളിലേക്ക് വരുന്നത്. ഞാനും സമയും എന്താണോ അത് തന്നെയാണ് എന്റെ മക്കളും’, ആസിഫ് അലി പറഞ്ഞു.