തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ ഹൈടെക്ക് കോപ്പിയടി നടത്തിയ രണ്ട് പേര്‍ പിടിയില്‍. ഹരിയാണ സ്വദേശികളായ സുമിത് കുമാര്‍, സുനിൽ എന്നിവരാണ് പിടിയിലായത്. വി.എസ്.എസി.സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു കോപ്പിയടി.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും വച്ച് പരീക്ഷ എഴുതിയ രണ്ട് പേരാണ് നിലവിൽ പോലീസിന്റെ പിടിയിലായിരിക്കുന്നത്. സുനിൽ കോട്ടണ്‍ഹില്ലില്‍ വച്ചും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പിടിയിലായത്. ഹെഡ്‌സെറ്റും മൊബൈല്‍ഫോണും ഉപയോഗിച്ചായിരുന്നു ഇവരുടെ കോപ്പിയടി.
വയറില്‍ ബെല്‍റ്റ് കെട്ടി ഫോണ്‍ സൂക്ഷിച്ചതിന് ശേഷം ചോദ്യങ്ങള്‍ ഇവര്‍ ഫോണിലെ സ്‌ക്രീന്‍ വ്യൂവര്‍ വഴി ഹരിയാണയിലെ സുഹൃത്തുക്കൾക്ക് അയച്ചു നല്‍കുകയായിരുന്നു. അതിനുശേഷം തങ്ങളുടെ ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു.
ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. പ്ലസ് ടു യോഗ്യത ആവശ്യമായുള്ള പരീക്ഷയിലാണ് ഇരുവരും കോപ്പിയടിക്കാൻ ശ്രമിച്ചത്. കോപ്പിയടിക്കായുള്ള ആസൂത്രണം നടന്നത് ഹരിയാണയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം.
കോപ്പിയടിയുമായി ബന്ധപ്പെട്ട് ആർക്കും സംശയം തോന്നിയിരുന്നില്ല. 79 മാര്‍ക്കിന്റെ ഉത്തരങ്ങൽ സുനിലും 25-ലധികം ഉത്തരങ്ങൾ സുമിതും ശരിയായി എഴുതിയിരുന്നു. എന്നാൽ പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങുന്നത്.