കോട്ടയം: പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് കെട്ടിവെയ്ക്കാൻ പണം നൽകിയത് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി സി ഒ ടി നസീറിന്റെ മാതാവ് ആമിന ബീവി. മകൻ കല്ലെറിഞ്ഞതിലെ പശ്ചാത്താപം കൊണ്ടാണ് തുക കൊടുത്തതെന്നും അവൻ തെറ്റ് ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടിക്ക് ബോധ്യമായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘ഒരു സ്നേഹത്തിന്റെ പുറത്താണ് പണം കൊടുത്തത്. മകൻ കല്ലെറിഞ്ഞ സംഭവം വളരെ അധികം വിഷമിപ്പിച്ചിരുന്നു. ചാണ്ടി ഉമ്മൻ നല്ല നിലയിൽ ജയിക്കട്ടെയെന്ന പ്രാർത്ഥന മാത്രം. അവൻ ആരേയും ഉപദ്രവിക്കുന്നയാളല്ല. എല്ലാവരേയും സഹായിക്കുന്നയാളായിരുന്നു. ആളുകളെ ഉപദ്രവിക്കരുതെന്നാണ് പഠിപ്പിച്ചത്. ഇതെങ്ങനെ സംഭവിച്ചെന്ന് അറിയില്ല’, ആമിന ബീവി പറഞ്ഞു.
മകന്റ തെറ്റ് ചെയ്തിട്ടില്ലെന്ന കാര്യം ഉമ്മൻചാണ്ടിക്ക് മനസിലായിരുന്നുവെന്നും അവർ പറഞ്ഞു. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞുവെന്നതിന്റെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടയാളായിരുന്നു അന്ന് ഡി വൈ എഫ് ഐ നേതാവ് കൂടിയായിരുന്ന സി ഒ ടി നസീർ. ആരോഗ്യ പരമായ ബുദ്ധിമുട്ടുള്ളതുകൊണ്ട് യാത്ര ചെയ്യാന്‍ പറ്റാത്തതിനാല്‍ 15,000 രൂപ ഗൂഗിള്‍ പേ വഴിയാണ് ആമിന ബീവി ചാണ്ടി ഉമ്മന് അയച്ചുനല്‍കിയത്.
പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് സി ഒ ടി നസീറിനെ സിപിഎംം പുറത്താക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണയോടെ നസീർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു.
ചാണ്ടി ഉമ്മന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പുതുപ്പള്ളി മണ്ഡലം ഉപ വരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലാണ് ചാണ്ടി ഉമ്മൻപത്രിക നൽകിയത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹം പത്രിക സമർപ്പണത്തിന് എത്തിയത്.
സ്ഥാനാര്‍ഥിത്വത്തിനായി കെട്ടിവയ്ക്കാന്‍ പണം നല്‍കിയതിലൂടെ സി ഒ ടി നസീറിന്റെ ഉമ്മ പങ്കുവെച്ചത് സ്‌നേഹത്തിന്റെ രാഷ്ട്രീയം എന്ന സന്ദേശമാണെന്നും തന്റേതും അതേ രാഷ്ട്രീയമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം ആരം പയറ്റരുതെന്നും ഒരു രാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുതെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് പിന്നാലെ ചാണ്ടി ഉമ്മൻ പറഞ്ഞു.
എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് പത്രിക സമർപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഇന്നലെയായിരുന്നു പത്രിക നൽകിയത്.