കൊച്ചി: കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. ഈ സ്ഥലത്ത് നിന്ന് കുട്ടിയുടെ വസ്ത്രവും ചെരിപ്പും പൊലീസ് പിന്നീട് കണ്ടെടുത്തിരുന്നു. സംഭവത്തിൽ അസഫാക് മാത്രമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.
ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.
തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കുഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം.
തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും.