കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ ശരീരത്തിൽ പരുക്കകളുണ്ടെന്നു മധ്യമേഖല ഡിഐജി എ. ശ്രീനിവാസ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പ്രതിയുടെ ലക്ഷ്യം എന്തായിരുന്നെന്നും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അറിയണമെന്നും ഡിഐജി മാധ്യമങ്ങളോട് പറഞ്ഞു.
ഡിഐജിയുടെ വാക്കുകൾഇന്നലെ വൈകുന്നരേം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഒരു പരാതി ലഭിച്ചു. അഞ്ചുവയസ്സുള്ള മകളെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അപ്പോൾ തന്നെ അന്വേഷണം സംബന്ധിച്ച നടപടികൾ തുടങ്ങി. കുറെ ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. സിസിടിവി പരിശോധിച്ചു. പെൺകുട്ടി ഒരാളുടെ കൂടെ പോകുന്നത് ദൃശ്യങ്ങളിൽ കണ്ടു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തി. സിസിടിവി ദൃശ്യത്തിൽ കണ്ടയാളെ രാത്രിതന്നെ കണ്ടെത്താനായി. ചോദ്യം ചെയ്തു. പൊലീസിനെ കുറെ തെറ്റിക്കാൻ ശ്രമമുണ്ടായി. എസ്പി നേരിട്ടു തന്നെ ചോദ്യംചെയ്തു. രാവിലെ പ്രതി കുറ്റംസമ്മതം നടത്തി. കേസിൽ പ്രതി കസ്റ്റഡിയിലാണ്.
കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. കൊലപാതകത്തിന്റെ ലക്ഷ്യമെന്താണെന്ന് അറിയേണ്ടതുണ്ട്. ഒറ്റയ്ക്കാണോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അറിയണം. മൃതദേഹം ചെളിയിൽ താഴ്ത്തിയ നിലയിലായിരുന്നു. ചുറ്റും മൂന്നുവലിയ കല്ലകളും വച്ചിട്ടുണ്ടായിരുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വച്ചും മൂടിയിരുന്നു. ശരീരത്തിൽ പരുക്കുകളുണ്ട്. ഇൻക്വസ്റ്റ് പുരോഗമിക്കുകയാണ്.
ഇന്നലെ കുറെ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. 3.03ന് വീടിനടുത്തുള്ള ചിക്കൻ സ്റ്റാളിലെ ദൃശ്യം ലഭിച്ചു. അതിൽ കുട്ടി കൂടെയുണ്ട്. അഞ്ചുമണിക്ക് മറ്റൊരു സ്ഥലത്തെ ദൃശ്യം കിട്ടി. അതിൽ കുട്ടി കൂടെയില്ല. ആ സമയത്താണോ കൊലപാതകം നടന്നതെന്ന് അറിയണം.
തങ്ങളുടെ പൊന്നോമന മകളെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അഞ്ചുവയസ്സുകാരിയുടെ അച്ഛനും അമ്മയും. എന്നാൽ അവരെ കാത്തിരുന്നതാകട്ടെ തീരാത്ത വേദനയും. മകൾ തിരിച്ചുവരില്ലെന്നും അവൾ കൊല്ലപ്പെട്ടെന്നുമുള്ള സത്യം ഉൾക്കൊള്ളാന്‍ കഴിയാത്ത നിലയിലാണ് മാതാപിതാക്കൾ. കൂട്ട നിലവിളികള്‍ ഉയരുമ്പോൾ കണ്ടുനിൽക്കുന്നവർക്കും സഹിക്കാനാവുന്നില്ല. കൊല്ലപ്പെട്ടത് തന്റെ മകൾ തന്നെയെന്നു പിതാവിനെ സ്ഥലത്തെത്തിച്ചു സ്ഥിരീകരിച്ചു.
ആലുവയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണു കൊല്ലപ്പെട്ട കുട്ടി. ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടി മലയാളം നന്നായി സംസാരിക്കുമായിരുന്നു. ഒരു മകനും മൂന്ന് പെൺമക്കളുമാണ് കുടുംബത്തിനുണ്ടായിരുന്നത്. മക്കളിൽ രണ്ടാമത്തെയാളാണു അഞ്ചുവയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആലുവയിലെ പെരിയാർ തീരത്ത് ഇന്നാണു കുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. മാലിന്യക്കൂമ്പാരത്തിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ പണം വാങ്ങിച്ചു മറ്റൊരാൾക്കു കൈമാറിയെന്ന് പിടിയിലായ അസഫാക് ആലം പൊലീസിനോടു പറഞ്ഞിരുന്നത്. സുഹൃത്തിന്റെ സഹായത്തോടെയാണു കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക് പൊലീസിനു നൽകിയ മൊഴി. എന്നാൽ അസ്‌ഫാക് മാത്രമാണ് കൃത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം.