കൊച്ചി:വേണാട് എക്സ്പ്രസിന്റെ വൈകിയോട്ടം തുടർക്കഥയായതോടെ യാത്രക്കാർ ദുരിതത്തിൽ. കോട്ടയത്ത് ഇരട്ടപ്പാത വന്നിട്ടും കൃത്യസമയം പാലിക്കാതെയാണ് വേണാട് എക്സ്പ്രസിന്റെ ഓട്ടം. ഇതോടെ, കോട്ടയം, കൊല്ലം ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരാണ് ദുരിതത്തിലായിരിക്കുന്നത്. എറണാകുളത്ത് ജോലി ചെയ്യുന്നവർ കൂടുതലായും ആശ്രയിക്കുന്നത് വേണാട് എക്സ്പ്രസിനെയാണ്.
വന്ദേ ഭാരത് എക്സ്പ്രസ് വരുന്നതിനു മുൻപ് തിരുവനന്തപുരത്തു നിന്നും 5.15-നാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടിരുന്നത്. നിലവിൽ, 5.20-ന് വന്ദേ ഭാരതും, 5.25-ന് വേണാടും പുറപ്പെടുന്ന തരത്തിലാണ് സമയ ക്രമീകരണം. രണ്ട് ട്രെയിനുകളും പുറപ്പെടുന്ന സമയത്ത് 5 മിനിറ്റ് മാത്രം ഇടവേള ഉള്ളതിനാൽ, പലപ്പോഴും വേണാട് എക്സ്പ്രസിന് കൃത്യസമയത്ത് പുറപ്പെടാനുള്ള സിഗ്നൽ ലഭിക്കാറില്ല.
കായംകുളം ജംഗ്ഷനിൽ വേണാട് ആദ്യം എത്തിയാലും, ഇന്റർസിറ്റി സ്റ്റേഷനിൽ കയറിയ ശേഷമാണ് സിഗ്നൽ നൽകുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ഇത് സംബന്ധിച്ച് നിരവധി തവണ റെയിൽവേയ്ക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ടെങ്കിലും, അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ അറിയിച്ചു. ഇതോടെ, വിഷയത്തിൽ ജനപ്രതിനിധികളെയും, സംസ്ഥാന സർക്കാരിനെയും, മന്ത്രിമാരെയും സമീപിക്കാൻ ഒരുങ്ങുകയാണ് യാത്രക്കാർ.