ഇങ്ങനെയൊക്കെ സംസാരിക്കാമോ; ഞാൻ അന്തംവിട്ടു; റിമി ടോമിയെക്കുറിച്ച് കെഎസ് ചിത്ര
കൊച്ചി:മലയാളികൾക്ക് പ്രത്യേകത മമതയുള്ള ഗായികയാണ് കെഎസ് ചിത്ര.കേരളത്തിന്റെ വാനമ്പാടിയായി അറിയപ്പെടുന്ന കെഎസ് ചിത്ര മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും പ്രശസ്തയാണ്. വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്മാൻ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സംഗീത സംവിധായകരുടെ അനശ്വരമായ ഗാനങ്ങൾ പാടാൻ ചിത്രയ്ക്ക് കഴിഞ്ഞു. 59ാം വയസ്സിലും ചിത്രയുടെ സ്വരമാധ്യര്യത്തിന് കോട്ടം തട്ടിയിട്ടില്ല.
അടുത്തിടെ നീലവെളിച്ചം എന്ന സിനിമയിൽ ചിത്ര പാടിയ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. ചിത്രയുടെ ലളിതമായ സംസാരവും പെരുമാറ്റവുമാണ് ആരാധകരെ കുറേക്കൂടി ഗായികയിലേക്ക് അടുപ്പിക്കുന്നത്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽ പോലും ചിത്രയെക്കുറിച്ച് ആരാധകർക്ക് പരാതി വന്നിട്ടില്ല. ഗായിക റിമി ടോമിയെക്കുറിച്ച് ചിത്ര പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
പുതിയ ഗായകരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. റിമി ടോമി ഒരു സ്റ്റേജ് ഷോ ലൈവായി കാെണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താൽ തെറ്റായി എടുക്കുമോ എന്ന ചിന്തയൊക്കെ എനിക്കുണ്ടായിരുന്നു.
റിമി ടോമിയുടെ കൺസേർട്ടിൽ അവർ ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി. വേദിയിൽ എന്തെങ്കിലും സംസാരിക്കണം, ഒന്നും പറയാതെ പാടിക്കൊണ്ടിരുന്നാൽ ആൾക്കാർക്ക് ഇഷ്ടപെടില്ല എന്ന് ഞാൻ റിമിയിൽ നിന്നും പഠിച്ചു. പുതിയ കുട്ടികളിൽ എന്തെങ്കിലും നല്ലത് കണ്ടാൽ സ്വീകരിക്കും. അതേസമയം തന്നെക്കൊണ്ട് പറ്റാത്തതാണെങ്കിൽ ആസ്വദിക്കുകയേ ഉള്ളൂയെന്നും ചിത്ര വ്യക്തമാക്കി.
തന്റെ ശബ്ദത്തിൽ മുമ്പത്തേതിൽ നിന്നും വ്യത്യാസം വന്നിട്ടുണ്ടെന്നും ചിത്ര പറയുന്നു. മുമ്പ് ശബ്ദം കുറേക്കൂടി നേർത്തതായിരുന്നു. പ്രായം കൂടുന്തോറും ശബ്ദത്തിന് കട്ടി വരും. മുമ്പത്തെ റേഞ്ചിൽ ഇപ്പോൾ പാടാൻ പറ്റുന്നില്ല. സംഗീതമില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.അങ്ങനെയൊരു ജീവിതം വേണ്ടെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ പാടാതിരുന്ന സമയത്ത് ദാസേട്ടൻ എന്നോട് പറഞ്ഞത് മോളേ, നിനക്കിന് മുതൽ സംഗീതമേ ഉള്ളൂ എന്നാണ്.
സംഗീതമില്ലാതെ ജീവിതമില്ല. പാടാൻ പറ്റിയില്ലെങ്കിലും കേട്ടുകൊണ്ടെങ്കിലും ഇരിക്കണം. നമ്മുടെ ശബ്ദം എത്രത്തോളം ഒരു നായികയ്ക്ക് ചേരുന്നുണ്ടോ അത് വരെ പാടാം. നമുക്ക് ശരിയാവുന്നില്ലെന്ന് തോന്നിയാൽ പാടരുത്. സ്വയം തിരിച്ചറിവ് ഉണ്ടാകണമെന്നും ചിത്ര തുറന്ന് പറഞ്ഞു.
പിന്നണി ഗാന രംഗത്തും ഈഗോയുണ്ട്. പക്ഷെ പേര് പറയാൻ താൽപര്യമില്ല. ഇങ്ങനെയൊക്കെ ഇവർക്ക് ചിന്തിക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അവരിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നും കെഎസ് ചിത്ര വ്യക്തമാക്കി. അടുത്തിടെ റിലീസ് ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ ചിത്ര പാടിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രയുടെ പുതിയ ഗാനങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ചിത്രയെ പോലെ നിരവധി പേർ റിമി ടോമിയുടെ സ്റ്റേജ് ഷോകളുടെ ആരാധകരാണ്. റിമി ടോമിയുടെ ഊർജസ്വലത ഏവരും എടുത്ത് പറയാറുണ്ട്. ടെലിവിഷൻ ഷോകളിലൂടെയും റിമി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ചിത്രയും റിമി ടോമിയും ഒരുമിച്ച് ചില ഷോകളിൽ എത്തിയിട്ടുണ്ട്. ചിത്രയുടെ ആരാധികയാണ് റിമി. ഗായികയെക്കുറിച്ച് റിമിയും അഭിമുഖങ്ങളിൽ സംസാരിക്കാറുണ്ട്.