ഉടുപ്പി: കോളേജ് റെസ്റ്റ്റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് സഹപാഠിയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് പെണ്‍കുട്ടികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ഉടുപ്പിയിലെ നേത്ര ജ്യോതി കോളേജിലെ ഒപ്റ്റോമെട്രി വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളേജ് ഡയറക്ടര്‍ രശ്മി കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തു.
മൊബൈല്‍ ഫോണിന് വിലക്കുണ്ടായിരുന്ന കോളേജില്‍ ഫോണ്‍ കൊണ്ടുവന്നതിനും വീഡിയോ ചിത്രീകരിച്ചതിനുമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി സ്വീകരിച്ചത്. സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ച വിവരം ഇവര്‍ തന്നെയാണ് പുറത്തുപറഞ്ഞത്.
മറ്റൊരാളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അബദ്ധത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും പെണ്‍കുട്ടിയോട് പറഞ്ഞ സംഘം, അവരുടെ മുന്നില്‍ വെച്ചുതന്നെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കുട്ടി ഇക്കാര്യം മറ്റ് സുഹൃത്തുക്കളോട് പറയുകയും അവര്‍ കോളേജ് അധികൃതരെ അറിയിക്കുകയും ചെയ്തു.
വിവരം അറിഞ്ഞ ഉടനെ തന്നെ മൂന്ന് പേരെയും സസ്പെന്റ് ചെയ്തതായി കോളേജ് മാനേജ്മെന്റ് പറഞ്ഞു. കുട്ടി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെങ്കിലും കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.
വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും ചെയ്തു. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.