ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ രംഗത്തെത്തിയിരുന്നു. മത്സരത്തിലെ തെറ്റായ തീരുമാനങ്ങളാണ് ഹര്‍മന്‍പ്രീതിനെ ചൊടിപ്പിച്ചത്. ”ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറില്‍ പരിതാപകരമെന്ന് പറയേണ്ടിവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം.” കൗര്‍ മത്സരശേഷം വ്യക്തമാക്കി.
മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലാണ് അവസാനിച്ചത്. അവസാന മത്സരം ടൈയില്‍ അവസാനിക്കുകയായിരുന്നു. ഇതോടെ ട്രോഫി പങ്കിടേണ്ടി വന്നു. എന്നാല്‍ ട്രോഫി ഏറ്റുവാങ്ങുന്ന സമയത്തും ഹര്‍മന്‍പ്രീതിന്റെ കലി തീര്‍ന്നില്ല. മത്സരശേഷം ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന അംപയര്‍മാര്‍ അവരുടെ ടീമിന്റെ ഭാഗമായിരുന്നുവെന്നും ഹര്‍മന്‍ ആരോപിച്ചിരുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ അംപയര്‍മാരെ കൂടി വിളിക്കൂ, അവരാണ് നിങ്ങള്‍ക്ക് ട്രോഫി നേടിത്തരാന്‍ സഹായിച്ചതെന്നും ഹര്‍മന്‍ പറഞ്ഞു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ നില്‍ക്കാതെ ബംഗ്ലാദേശ് താരങ്ങള്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.
സ്റ്റംപ് തട്ടിത്തെറിപ്പിക്കുകയും അംപയറുടെ തീരുമാനത്തെ വിമര്‍ശിക്കുകയും ചെയ്ത ഹര്‍മന്‍പ്രീതിന് കനത്ത പിഴയാണ് ചുമത്തിയത്. ലെവല്‍ വണ്‍ കുറ്റം ചെയ്ത ഹര്‍മന് മാച്ച് ഫീയുടെ 75 ശതമാനം പിഴയും നാല് ഡീമെറിറ്റ് പോയിന്റ് വിധിക്കുകയും ചെയ്യും എന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ട്. സ്റ്റംപ് തട്ടിത്തെറിപ്പിച്ചതിന് മാച്ച് ഫീയുടെ 50 ശതമാനവും മത്സര ശേഷം അംപയര്‍ക്കെതിരെ നടത്തിയ വിമര്‍ശനത്തിന് 25 ശതമാനം പിഴയുമാണ് ലഭിക്കുക. ഓണ്‍ഫീല്‍ഡിലെ മോശം പെരുമാറ്റത്തിനാണ് നാലില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുകള്‍.