കൊച്ചി: കാലടി സർവകലാശാലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസ്. അങ്കമാലി എംഎൽഎ റോജി എം ജോൺ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ എന്നിവർക്കെതിരെയാണ് കാലടി പോലീസ് കേസെടുത്തിരിക്കുന്നത്.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ അറസ്റ്റ് ചെയ്ത കെഎസ്‌യു പ്രവർത്തകരെ റോജി എം ജോൺ ലോക്കപ്പുതുറന്ന് പുറത്തിറക്കിയിരുന്നു.
വെള്ളിയാഴ്ച കാലടി സര്‍വ്വകലാശാലയിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷമാണ് പോലീസ് നടപടിയ്ക്ക് കാരണം. നേരത്തെ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടുപേരെ കൂടി വീട്ടില്‍നിന്ന് പോലീസ് വിളിച്ചിറക്കി എന്നായിരുന്നു നേതാക്കളുടെ ആരോപണം.
അഭിജിത്ത്, ജോമോന്‍ എന്നിവരെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതോടെയായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധവുമായി കാലടി പോലീസ് സ്റ്റേഷനിലെത്തുകയും ലോക്കപ്പിലിട്ട വിദ്യാര്‍ത്ഥികളെ പുറത്തിറക്കുകയും ചെയ്തത്.
വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ത്ഥികളോട് പോലീസ് പെരുമാറിയതെന്ന് എംഎല്‍എ റോജി എം ജോണ്‍ പറഞ്ഞു. ഇവരെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയതില്‍ തെറ്റില്ലെന്നായിരുന്നു എംഎല്‍എ ഇന്നലെ മാധ്യമങ്ങളോട് പ്രതീകരിച്ചത്.
അതേസമയം കെഎസ്‌യു പ്രവര്‍ത്തകരെയും അനുഭാവികളെയും പോലീസ് തെരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ത്ഥി നേതാക്കളുടെ ആരോപണം. ഇന്നലെ ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധം എസിപിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് നേതാക്കള്‍ അവസാനിപ്പിച്ചത്.