CrimeKeralaNews

എഐ തട്ടിപ്പ് നടന്നാൽ ചെയ്യേണ്ടതെന്ത്? വിവരങ്ങളുമായി പോലീസ്

തിരുവനന്തപുരം: നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് – എഐ) ഉപയോഗിച്ചുള്ള ആദ്യ തട്ടിപ്പ് കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിർദേശങ്ങളുമായി പോലീസ്. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനാണ് എഐ തട്ടിപ്പിനിരയായത്. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നഷ്ടമായ പണം പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു.

വ്യാജ വാട്ട്സാപ്പ് കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ച് രാധാകൃഷ്‌ണനിൽ നിന്ന് 40,000 രൂപയാണ് തട്ടിയെടുത്തത്.
ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബായിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.

ആദ്യം പണം ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നിയതോടെ യഥാർത്ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. തുടർന്ന് രാധാകൃഷ്‌ണൻ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പോലീസ് മണിക്കൂറുകൾക്കകം നഷ്ടമായ പണം തിരികെ പിടിച്ചു. ഇതോടെയാണ് സംശയം തോന്നുന്ന വീഡിയോ, ഓഡിയോ കോൾ ലഭിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന് പോലീസ് വ്യക്തമാക്കിയത്.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർത്ഥന നടത്തിയാൽ തീർച്ചയായും ഒഴിവാക്കുക. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാല്‍ ഉടന്‍ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണെന്ന് പോലീസ് അറിയിച്ചു.

എഐ ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വ്യാപകമാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ നിന്ന് ഫോട്ടോ ശേഖരിച്ച് വീഡിയോ കോളിന് ഉപയോഗിക്കാൻ സാധ്യതയുണ്ട്. പരിചയമില്ലാത്ത വീഡിയോ – ഓഡിയോ കോളുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണമെന്നും പോലീസ് വ്യക്തമാക്കി.

പരിചയമില്ലാത്തെ നമ്പരിൽ നിന്ന് പരിചയക്കാരൻ്റെ രൂപത്തോടെ വിളിച്ച് സാമ്പത്തിക സഹായം ഉൾപ്പെടെ ആവശ്യപ്പെട്ടാൽ പണം കൈമാറാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വീഡിയോ കോളിൽ കാണുന്ന മുഖത്തിൻ്റെ ഉടമയുടെ നമ്പരിൽ വിളിക്കുകയും സഹായം ചോദിച്ച് വിളിച്ചിരുന്നോ എന്നും വീഡിയോ കോൾ ചെയ്തിരുന്നോ എന്നും അന്വേഷിക്കണം. അല്ലെങ്കിൽ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker