ബാങ്കോക്ക്: അഞ്ച് ദിവസമായി നടന്നുവന്ന ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് സമാപനമായി. ആറ് സ്വർണ്ണവും 12 വെള്ളിയും ഒൻപത് വെങ്കലവും ഉൾപ്പടെ 27 മെഡലുകൾ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 16 സ്വർണ്ണവും 11 വെള്ളിയും 10 വെങ്കലവും ഉൾപ്പടെ 37 മെഡലുകൾ നേടിയ ജപ്പാനാണ് ചാമ്പ്യന്മാർ. എട്ട് സ്വർണ്ണമടക്കം 22 മെഡൽ നേടിയ ചൈനയാണ് രണ്ടാമത്.
അഞ്ചാം ദിനം ഇന്ത്യ 13 മെഡലുകൾ സ്വന്തമാക്കി. എട്ട് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ അഞ്ചാം ദിനം സ്വന്തമാക്കിയത്. ഏഷ്യൻ അത്ലറ്റിക്സിലെ ഏറ്റവും ഉയർന്ന മെഡൽ നേട്ടമായ 2017 ലെ ഭുവനേശ്വർ ചാമ്പ്യൻഷിപ്പിന് ഒപ്പമെത്താനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടിയത് 1985 ൽ ജക്കാർത്തയിലാണ്.
കഴിഞ്ഞ ദിവസം 100 മീറ്റർ ഹർഡിൽസിൽ സ്വർണ്ണം സ്വന്തമാക്കിയ ജ്യോതി യാരാജി ഇന്ന് 200 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ സ്വന്തമാക്കി. 23.13 സെക്കൻ്റിലാണ് ജ്യോതി ഫിനിഷിങ്ങ് പോയിൻ്റിലെത്തിയത്. ഇന്ത്യൻ താരത്തിൻ്റെ ഉയർന്ന വ്യക്തിഗത നേട്ടവുമാണിത്. നീരജ് ചോപ്രയുടെ അഭാവത്തിൽ ജാവലിനിൽ ഇന്ത്യയ്ക്ക് മെഡൽ നേടി തന്നിരിക്കുകയാണ് മനു ടി.പി. 81.01 മീറ്റർ എറിഞ്ഞാണ് മനു ഡി.പി വെള്ളി നേടിയത്. വനിതാ ഷോട്ട്പുട്ടിൽ അഭ ഖതുവയും മൻപ്രീത് കൗറും ഓരോ വെങ്കല മെഡലുകൾ ഇന്ത്യൻ മെഡൽ പട്ടികയിലേക്ക് കൂട്ടിച്ചേർത്തു.
800 മീറ്റർ ഓട്ടത്തിൽ പുരുഷ വനിതാ ടീമുകൾ വെള്ളി മെഡലാണ് ഇന്ത്യയ്ക്ക് നേടിതന്നത്. ഒരു മിനിറ്റ് 45 സെക്കൻ്റിൽ കൃഷൻ കുമാറും രണ്ട് മിനിറ്റ് ഒരു സെക്കൻ്റിൽ കുമാരി ചന്തയുമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
പുരുഷന്മാരുടെ 5000 മീറ്ററിൽ ഇന്ത്യയുടെ ഗുൽവീർ സിങ് വെങ്കല മെഡൽ സ്വന്തമാക്കി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ പാരുൽ ചൗധരി വെള്ളിയും അങ്കിത വെങ്കലവും നേടി. പുരുഷന്മാരുടെ 4×400 മീറ്ററിലും ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. വനിതാ 4×400 മീറ്ററിൽ ഇന്ത്യയ്ക്ക് വെങ്കല മെഡലാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.