അടിമാലി: അരിക്കൊമ്പന്‍ ഫാന്‍സിനെ നാട്ടുകാര്‍ തടഞ്ഞു. ചിന്നക്കനാല്‍ സിമന്റുപാലത്തിന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെയാണ് ഏഴംഗ മൃഹസ്‌നേഹി സംഘം സിമന്റുപാലത്തെത്തിയത്. ഇവരെത്തിയത് അറിഞ്ഞ് ഇരുപതോളം നാട്ടുകാരും അവിടേക്കെത്തി. തുടര്‍ന്ന് അരിക്കൊമ്പനെച്ചൊല്ലി ഇരുകൂട്ടരും തമ്മില്‍ വാക്തര്‍ക്കത്തിലേര്‍പ്പെട്ടു. അരിക്കൊമ്പനെ തിരികെയത്തിക്കണമെന്ന് മൃഹസ്‌നേഹികളിലൊരാള്‍ പറഞ്ഞതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. വാക്തര്‍ക്കം രൂക്ഷമായെങ്കിലും ഇരുവിഭാഗവും പിന്നീട് പിരിഞ്ഞു.
അരിക്കൊമ്പനെ സ്ഥലത്തുനിന്നും മാറ്റിയെങ്കിലും ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയാക്രമണം തുടരുകയാണ്.301 കോളനിയിലുള്ള ജ്ഞാനജ്യോതിയമ്മാളിന്‍റെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വീടിന്‍റെ അടുക്കള ഭാഗവും മുൻ വാതിലുമാണ് കാട്ടാന തകർത്തത്. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്. ഇവർ 2 ദിവസം മുൻപ് മറയൂരിലുള്ള ബന്ധുവീട്ടിൽ പോയതിന് ശേഷം മടങ്ങി എത്തിയിരുന്നില്ല. ചക്കക്കൊമ്പനാണ് വീടാക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അതിനിടെ, മറയൂരിലെ ജനവാസ മേഖലയിൽ വീണ്ടും കൊമ്പൻ പടയപ്പ ഇറങ്ങി. ചട്ടമൂന്നാർ ടൗണിലൂടെ കൃഷിയിടത്തിലെത്തിയ പടയപ്പ വ്യാപകമായി കൃഷി നശിപ്പിച്ചു. പാലക്കാട് ധോണിയിലെ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തെ കൃഷിയിടത്തിലും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. അട്ടപ്പാടി നരസിമുക്കിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ ആര്‍ആര്‍ടി സംഘമെത്തി കാടുകയറ്റി. കഴിഞ്ഞ നാല് ദിവസങ്ങളായി ഗൂളിക്കടവ്, നരസിമുക്ക്, അഗളി മേഖലകളിൽ കാട്ടാനക്കൂട്ടം എത്തിയിരുന്നു.
അരിക്കൊമ്പനുമേൽ ഇരു സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണ് ഉള്ളതെന്ന് തമിഴ്നാട് വനം മന്ത്രി ഡോ. എം മതിവേന്ദൻ. അരിക്കൊമ്പനെ പിടിച്ചുനിര്‍ത്തണമെന്ന വാശിയില്ലെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ദിവസവും മൈലുകൾ സഞ്ചരിക്കുന്നുണ്ടെന്നും ആദ്ദേഹം പറഞ്ഞു.
അരിക്കൊമ്പനെ പിടിച്ചുനിർത്തണമെന്ന വാശി തമിഴ്നാടിന് ഇല്ലെന്നാണ് വനം മന്ത്രിയുടെ പ്രതികരണം. അതിർത്തികൾ മനുഷ്യർക്ക് മാത്രമാണുള്ളത്. മൃഗങ്ങൾക്ക് അത് ഇല്ലെന്നും അരിക്കൊമ്പനുമേൽ കേരളത്തിനും തമിഴ്നാടിനും ഒരേ അവകാശമാണുള്ളതെന്നും മതിവേന്ദൻ പറഞ്ഞു.
നവാസമേഖലയിലിറങ്ങി സ്ഥിരമായി ശല്യമുണ്ടാക്കിയാൽ മാത്രമേ അരിക്കൊമ്പനെ കൂട്ടിലടയ്ക്കുകയുള്ളൂവെന്നും തമിഴ്നാട് വനം വകുപ്പ് മന്ത്രി വ്യക്തമാക്കി. ആനയുടെ ആരോഗ്യനിലയെക്കുറിച്ച് ഏഷ്യാനെറ്റിനോട് പ്രതികരിച്ച മന്ത്രി നിലവിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണെന്നും പറഞ്ഞു. ആന ഒരു സ്ഥലത്ത് മാത്രം നിൽക്കുകയല്ല, കാട്ടിൽ ദിവസവും മൈലുകളോളം സഞ്ചരിക്കുന്നുണ്ടെന്നും മതിവേന്ദൻ വ്യക്തമാക്കി.
അരിക്കൊമ്പന്‍റെ മുറിവുകളെല്ലാം ഭേദമായി. പൂര്‍ണ ആരോഗ്യവാനാണ്. അനാവശ്യമായി ഒരുതവണ പോലും ആനയ്ക്ക് മയക്കുവെടി വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ചിന്നക്കനാലിൽ ജനവാസ മേഖലകളിലിറങ്ങി ജനജീവിതത്തിന് വെല്ലുവിളി ആയതിനെത്തുടർന്നാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് ആദ്യം പിടികൂടുന്നത്. പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട ആന ഇവിടെ നിന്ന് തമിഴ്നാട് അതിർത്തിയിലേക്ക് കടക്കുകയായിരുന്നു. കമ്പത്ത് എത്തി ജനവാസമേഖലയിലിറങ്ങി ഭീഷണി ആയതോടെയാണ് തമിഴ്നാട് വനംവകുപ്പ് വെടിവെച്ച് പിടികൂടി കളക്കാട് മുണ്ടൻ തുറൈ കടുവ സങ്കേതത്തിലേക്ക് മാറ്റുകയായിരുന്നു.