കോഴിക്കോട്: ബീച്ചാശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. ശനിയാഴ്ചരാത്രി ഏഴുമണിയോടെയാണ് സംഭവം. ജോലിക്കായി ഒരു ഹൗസ്‌സർജൻ വൈകിവന്നത് മറ്റൊരു ഹൗസ്‌സർജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിനും പിന്നീട് സംഘർഷത്തിലേക്കും നയിച്ചത്.
സംഘർഷം അരമണിക്കൂറോളം നീണ്ടു. ഒട്ടേറെ രോഗികളാണ് അത്യാഹിതവിഭാഗത്തിന് മുന്നിലായി ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വന്നത്. മറ്റൊരു ഡോക്ടറെത്തിയാണ് ഹൗസ് സർജന്മാർ തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്തിയത്.
നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പീന്നിട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന സ്ഥിതിവരെയുണ്ടായി. ഇത് ചികിത്സയ്ക്ക് കാത്തുനിന്നവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരുമായി വാക്കേറ്റത്തിലേക്ക് നയിച്ചു.
രോഗികൾക്ക് ചികിത്സ വൈകിയത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ബീച്ചാശുപത്രി പൗരസമിതി ജനറൽസെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തില്ലെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു.