കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസുകാരന്‍ മര്‍ദിച്ചെന്ന് പരാതി. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരന്‍ മര്‍ദിച്ചുവെന്നാണ് പരാതി. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനാണ് മര്‍ദനമേറ്റത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവെച്ചായിരുന്നു സംഭവം.
മര്‍ദനമേറ്റ മുഹമ്മദ് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചു. മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിന് രണ്ടുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
ഡ്രൈവറുടെ കാല്‍മുട്ടിനും കൈക്കും പോലീസ് മര്‍ദിച്ചുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മന്ത്രിയെ തെറിവിളിച്ചെന്ന് ആരോപിച്ചാണ് പോലീസുകാര്‍ മര്‍ദിച്ചത്. മന്ത്രി കടന്നുപോയതിനുശേഷമായിരുന്നു മര്‍ദനമെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.