ന്യൂഡൽഹി:: വിവാഹിതരായ പുരുഷന്മാര്‍ ഗാർഹിക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്യുന്നുവെന്നും പുരുഷന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കമ്മിഷൻ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി തള്ളി.
ഗാര്‍ഹിക പീഡനം മൂലം വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളെ കൈകാര്യം ചെയ്യാന്‍ മാര്‍ഗനിര്‍ദേശം ഇറക്കണമെന്നും പുരുഷന്മാരുടെ താൽപ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ദേശീയ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പൊതുതാൽപര്യ ഹര്‍ജി സുപ്രീം കോടതിയിൽ എത്തിയത്.
അഭിഭാഷകനായ മഹേഷ് കുമാര്‍ തിവാരിയായിരുന്നു ഹർജിക്കാരൻ. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ദീപാങ്കര്‍ ദത്ത എന്നിവരാണ് ഹർജി പരിഗണിച്ചത്. പുരുഷ ആത്മഹത്യയെ കുറിച്ച് കണക്കുകൾ നിരത്തിയായിരുന്നു ഹർജിക്കാരന്റെ വാദം.
ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) ഡാറ്റ ഉദ്ധരിച്ച്, ഏകദേശം 33.2% പുരുഷന്മാർ കുടുംബ പ്രശ്‌നങ്ങൾ കാരണവും 4.8% വിവാഹ സംബന്ധമായ പ്രശ്‌നങ്ങളും കാരണവും ജീവിതം അവസാനിപ്പിച്ചുവെന്നായിരുന്നു വാദം. വിവാഹിതരായ പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‍ദേശം നല്‍കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കുടുംബ പ്രശ്‌നങ്ങള്‍ മൂലം പ്രയാസം അനുഭവിക്കുന്ന പുരുഷന്മാരുടെ പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിക്കാരൻ വാദിച്ചു. ഈക്കാര്യത്തിൽ നിയമകമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ വാദിച്ചു.
എന്നാൽ ഹർജിക്കാരൻ പറയുന്നത്ഏകപക്ഷീയമായ കാര്യങ്ങളാണെന്നും വിവാഹത്തിന് ശേഷം ആത്മഹത്യ ചെയത പെൺകുട്ടികളുടെ കണക്ക് കൈവശമുണ്ടോയെന്നും ഹർജിക്കാരനോട് ബെഞ്ച് ചോദിച്ചു.
ഇന്ത്യൻ നിയമത്തിൽ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സംവിധാനമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ആരും ആത്മഹത്യ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തിപരമായ വിഷയങ്ങളാണ് ഇതിന് കാരണമെന്നും കോടതി നിരീക്ഷിച്ചു. തുടർന്ന് ഹർജി തള്ളുകയും ആയിരുന്നു.