മാവേലിക്കര:ചാക്കോ കൊലക്കേസിൽ പിടികിട്ടാപ്പുള്ളിയായി മറഞ്ഞ സുകുമാരക്കുറുപ്പിനു ശേഷം മാവേലിക്കര പൊലീസിന്റെ കാണാമറയത്തു നിന്ന കുറ്റവാളിയായ റെജിയെ കുടുക്കിയത് ചിട്ടയായ അന്വേഷണം. മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി(രണ്ട്) ജഡ്ജി കെ.എൻ. അജിത് കുമാർ റെജിക്കെതിരെ പുറപ്പെടുവിച്ച വാറന്റ് ആണ് അന്വേഷണത്തിനു തുടക്കമിട്ടത്.
പഴയ കേസ് ഫയലുകൾ കണ്ടെത്തി പ്രതിയായ റെജിയുടെ ബന്ധുക്കൾ, അയൽവാസികൾ, കൊല്ലപ്പെട്ട മറിയാമ്മയുടെ ബന്ധുക്കൾ, കേസിലെ സാക്ഷികൾ എന്നിവരുടെ ലിസ്റ്റ് പൊലീസ് തയാറാക്കി. ഓരോരുത്തരേയും രഹസ്യമായി കണ്ടു വിവരങ്ങൾ ശേഖരിച്ചു. റെജിയുടെ അടുത്ത ബന്ധുക്കളുടെ ഫോൺ നമ്പർ ശേഖരിച്ച് നിരീക്ഷണത്തിലാക്കി. റെജി എവിടേക്കാണ് ഒളിവിൽ പോയത് എന്നായിരുന്നു പ്രധാന ചോദ്യം.
പ്രാഥമിക അന്വേഷണത്തിൽ റെജി മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണെന്നും അതല്ല ഏതോ അനാഥാലയത്തിലാണെന്നും നാട്ടുകാർ പറഞ്ഞു. ഒളിവിൽ പോയതിനു ശേഷം റെജിയെ കണ്ടിട്ടില്ലെന്നു ബന്ധുക്കളും അറിയിച്ചു. പഴയ പത്ര കട്ടിങ്ങുകളിൽ നിന്നു കിട്ടിയ ഫോട്ടോയും കേസിലെ വിലാസവും മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അതിനിടെ റെജി കോവിഡ് ബാധിച്ചു മരിച്ചെന്ന സൂചന ലഭിച്ചു.
ഇതുപ്രകാരം കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങൾ, വാക്സീൻ സ്വീകരിച്ചവരുടെ വിലാസങ്ങൾ ശേഖരിച്ചും അന്വേഷണം നടത്തിയെങ്കിലും ഫലപ്രദമായില്ല. റെജി ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ കാണാതാകുന്ന സമയത്തു റെജി എവിടെ എന്നത് അന്വേഷിക്കാൻ തുടങ്ങി. കേസിന്റെ വാദം ഹൈക്കോടതിയിൽ നടക്കുന്ന സമയത്തു കോട്ടയത്തു നിന്നാണു റെജി എത്തിയിരുന്നതെന്നും അവിടെ വീട്ടുജോലി ചെയ്യുകയായിരുന്നെന്നും സൂചന ലഭിച്ചു.
കോട്ടയം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ അയ്മനത്ത് വീട്ടു ജോലിക്കു മിനി എന്ന സ്ത്രീ ഉണ്ടായിരുന്നതായും ജോലി ചെയ്യുന്ന വീട്ടിൽ നിന്നും കോടതിയിൽ കേസുണ്ട് എന്നു പറഞ്ഞ് ഇടയ്ക്ക് അവധിയെടുക്കുമായിരുന്നെന്നും മനസ്സിലാക്കി. കോടതി കേസ് സംബന്ധിച്ചു വീട്ടുകാർ ചോദ്യം ചെയ്തതോടെ അവിടത്തെ ജോലി ഉപേക്ഷിച്ച റെജി ചുങ്കത്തേക്ക് മാറി.
റെജിയെ അന്വേഷിച്ചെത്തിയ പൊലീസിനു ഈ വിവരം പിടിവള്ളിയായി. ചുങ്കത്ത് അന്വേഷിച്ചപ്പോൾ കെട്ടിടനിർമാണ തൊഴിലാളിയായ തമിഴ്നാട് തക്കല സ്വദേശിയുമായി പ്രണയത്തിലായ മിനി (റെജി) 1999 ൽ അയാളെ വിവാഹം ചെയ്തതായി അറിഞ്ഞു. കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തുക എളുപ്പമാണെന്നു മനസ്സിലാക്കിയ സംഘം അന്വേഷണം ആ വഴിക്കാക്കി. അങ്ങനെയാണു എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരിൽ റെജി കുടുംബസമേതം താമസിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയത്.
തലേന്നു കടയിലെത്തി തുണിയെല്ലാം തിരിച്ചും മറിച്ചും നോക്കി ഇഷ്ടപ്പെടാതെ മടങ്ങിയവർ വീണ്ടും കടയിലേക്കു വരുന്നതു കണ്ടു സൗമ്യമായ ചിരിയോടെ മിനി രാജു അവരെ സ്വീകരിച്ചു. അവരിൽ ഒരാൾ മിനിയുടെ അടുത്തുവന്നു പതിയെ ‘റെജി’ എന്നു വിളിച്ചു. ചിരിമാഞ്ഞ് മുഖത്ത് അമ്പരപ്പു പടർന്നെങ്കിലും താൻ മിനിയാണെന്നു പറഞ്ഞു തീരും മുൻപേ തങ്ങൾ പൊലീസുകാരാണെന്നു വ്യക്തമാക്കിയ അവർ ഒപ്പം വരാനും നിർദേശിച്ചു.
മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അച്ചാമ്മയെന്ന റെജിയുടെ 27 വർഷം നീണ്ട ഒളിവുജീവിതം അവസാനിച്ച നിമിഷമായിരുന്നു അത്. എന്നെങ്കിലും ഇങ്ങനെയൊരു സന്ദർഭം ജീവിതത്തിലുണ്ടാവുമെന്നു റെജിക്ക് അറിയാമായിരുന്നു. അകന്ന ബന്ധുവായ മറിയാമ്മയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു റെജി.
1990ലാണു കൊലനടത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ചത്. 1993ൽ വിചാരണക്കോടതി വിട്ടയച്ചെങ്കിലും പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ഹൈക്കോടതി 1996ൽ ജീവപര്യന്തം തടവു വിധിച്ചു. അന്നു റെജിക്കു പ്രായം 24 വയസ്സ്. പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യും മുൻപു റെജി സംസ്ഥാനം വിട്ടു. തമിഴ്നാടു തക്കല സ്വദേശിയെ വിവാഹം കഴിച്ച ശേഷം മിനി രാജുവെന്ന പേരിൽ കേരളത്തിലേക്കു മടങ്ങിയെത്തി. കോതമംഗലം അടിവാട് വാടകവീട്ടിൽ പുതിയ ജീവിതം തുടങ്ങി.
അടിവാട്ടെ സ്ഥാപനങ്ങളിലും വീടുകളിലും ജോലി ചെയ്തു ജീവിച്ച റെജിയെ എല്ലാവർക്കും ഇഷ്ടമായിരുന്നു. മാസച്ചിട്ടിയും ഓണഫണ്ടും നടത്തി എല്ലാവർക്കും സുപരിചിതയായി. വീട്ടുകാരെക്കുറിച്ച് ആരെങ്കിലും ചോദിക്കുമ്പോൾ സങ്കടത്തോടെ പറയും: ‘‘കോട്ടയത്തെ സമ്പന്ന കുടുംബത്തിലേതാണ്. തമിഴ് യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തപ്പോൾ വീട്ടുകാർ ഉപേക്ഷിച്ചതോടെ അയാൾക്കൊപ്പം നാടുവിട്ടു.’’
24 വർഷത്തോളം അടിവാടുകാർ ഈ കഥ വിശ്വസിച്ചു. 13 വർഷം മുൻപു ചെമ്പഴ പള്ളിക്കു സമീപം സ്ഥലം വാങ്ങി പഞ്ചായത്തിന്റെ ഭവന പദ്ധതിയിൽ വീടു സ്വന്തമാക്കി. അടിവാട് എത്തിയ കാലത്തുതന്നെ മിനി രാജു എന്ന പേരിൽ എല്ലാ രേഖകളുമുണ്ടാക്കിയിരുന്നു.കെട്ടിടനിർമാണത്തൊഴിലാളിയായ ഭർത്താവ് ഇടയ്ക്കു വിദേശത്തു ജോലി ചെയ്തു. 2 ആൺമക്കളെയും പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചു. ഇളയ മകനു വിദേശത്തു പഠിക്കാൻ നാട്ടുകാരിൽ ചിലർ സഹായിച്ചു.
ഭർത്താവിനും മക്കൾക്കും പോലും മിനിയുടെ യഥാർഥ ചരിത്രം അറിയില്ലായിരുന്നു. ഇപ്പോൾ ജോലി ചെയ്യുന്ന തുണിക്കടയിലെത്തിയത് 5 വർഷം മുൻപ്. 50,000 രൂപയുടെ ചിട്ടിത്തുക മാവുടി സ്വദേശിനിക്ക് അടുത്ത ദിവസം നൽകാമെന്നു പറഞ്ഞിരുന്ന ദിവസമായിരുന്നു അറസ്റ്റ്. കേട്ടവരെല്ലാം ഞെട്ടി. 27 വർഷത്തെ ഒളിവുജീവിതത്തിൽ ഒരിക്കൽപോലും ഭർത്താവിനോ മക്കൾക്കോ നാട്ടുകാർക്കോ സംശയം തോന്നുന്ന പെരുമാറ്റമുണ്ടായില്ലെന്നാണു പൊലീസിനു ലഭിച്ച മൊഴികൾ.
പണ്ടു ചെറിയൊരു കേസുണ്ടായിരുന്നുവെന്ന് അടുപ്പമുള്ളവരോടു റെജി പറഞ്ഞിരുന്നു. എന്നാൽ, കൊലക്കേസാണെന്നോ ജീവപര്യന്തം ശിക്ഷ ലഭിച്ചെന്നോ ആരോടും പറഞ്ഞില്ല. രഹസ്യവിവരം ലഭിച്ച പൊലീസ് സംഘം തലേന്നു സാരി വാങ്ങാനെന്ന പേരിൽ കടയിലെത്തി നിരീക്ഷണം നടത്തിയെങ്കിലും റെജിയുടെ പെരുമാറ്റത്തിലെ സ്വാഭാവികത കാരണം അന്നത്തെ അറസ്റ്റ് ഒഴിവാക്കി. തെളിവുകൾ ഒന്നുകൂടി പരിശോധിച്ച് ഉറപ്പിച്ചാണ് അറസ്റ്റിലേക്കു നീങ്ങിയത്. പിടിക്കപ്പെട്ടതായി മനസ്സിലാക്കിയ റെജി എതിർപ്പില്ലാതെ പൊലീസിനൊപ്പം ഇറങ്ങി.