തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. അഞ്ച് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക് തുടരുകയാണ്.
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തായുള്ള ന്യൂനമർദ്ദത്തിന്റെയും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ സാധ്യത. ചുരുക്കമിടങ്ങളിൽ ശക്തമായ മഴ കിട്ടും. വടക്കൻ ജില്ലകളിലെ പടിഞ്ഞാറൻ മേഖലകളിലും മെച്ചപ്പെട്ട മഴ പ്രതീക്ഷിക്കാം.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് കോട്ടയം തീക്കോയി മാർമല അരുവിയിൽ കുടുങ്ങിയ ആറ് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച നാല് മണിയോടെ വൈക്കം സ്വദേശികളായ സിജിൽ, ബെനിറ്റ്, മിജിൽ, ടോമി, അജ്മൽ, ജെറിൻ എന്നിവരാണ് മാർമല അരുവിയിൽ കുടുങ്ങിയത്.
പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെ ഇവർ പോയ വഴി പൂർണമായും വെള്ളത്തിൽ മുങ്ങി. വലിയ തോതിൽ വെള്ളമൊഴുകിയതോടെ മറുകരയിലേക്ക് കടക്കാനാവാതെ ഇവരിരുന്ന പാറയിൽ തന്നെ തങ്ങുകയായിരുന്നു. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് അരുവിക്ക് കുറുകെ വടം കെട്ടി ഒരു മണിക്കൂറോളം ശ്രമിച്ചിട്ടാണ് ഇവരെ രക്ഷപെടുത്തിയത്.
മലപ്പുറത്ത്, അബദ്ധത്തില്‍ കിണറ്റില്‍ വീണ മകളെ രക്ഷിക്കാനായി 61കാരിയായ മാതാവും ചാടി. കിണറ്റില്‍ നിന്നും കയറാനാവാതെ കുടുങ്ങിയ ഇരുവരെയും അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. മഞ്ചേരി വേട്ടേക്കോട് 32-ാം വാര്‍ഡില്‍ ജഗദീഷ് ചന്ദ്രബോസിന്റെ ഉടമസ്ഥതയിലുള്ള കിണറ്റിലേക്കാണ് 30 കാരിയായ നിഷ അബദ്ധത്തില്‍ വീണത്.
40 അടി താഴ്ചയും അഞ്ചടിയോളം വെള്ളവുമുള്ള കിണറ്റിലേക്ക് മകള്‍ വീഴുന്നതു കണ്ട മാതാവ് ഉഷ പിന്നാലെ ചാടുകയായിരുന്നു. തിരികെ കയറാനാവാതെ കിണറില്‍ കുടുങ്ങിയ അമ്മയെയും മകളെയും നാട്ടുകാര്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി.
സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും രക്ഷിച്ചത്. റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ സി കൃഷ്ണകുമാര്‍ കിണറ്റിലിറങ്ങി ഇരുവരെയും മുകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും മകളെയും ഫയര്‍ഫോഴ്‌സ് ആംബുലന്‍സില്‍ തന്നെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.