തിരുവനന്തപുരം: കല്ലറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കല്ലറ പാങ്ങല്‍കുന്ന് മഹേഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 20-ന് രാത്രി 9.30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലറ ഹൈസ്‌ക്കൂളിന് സമീപം സ്‌കൂട്ടറില്‍ രണ്ട് കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത കുടുംബത്തെ എതിര്‍ദിശയില്‍ നിന്ന് വന്ന ഓട്ടോ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.
സംഭവത്തില്‍ ബൈക്ക് യാത്രക്കാരായിരുന്ന ഭരതന്നൂര്‍ സ്വദേശി ശ്രീകാന്തിനും രണ്ട് മക്കള്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.
ശ്രീകാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോയുടെ വിവരങ്ങള്‍ അന്വേഷിച്ചിരുന്നെങ്കിലും ലഭിച്ചില്ല. പ്രദേശത്തെ സിസി ടിവിയിലെ ദൃശ്യങ്ങളും വ്യക്തമായിരുന്നില്ല.
തുടര്‍ന്നും പാങ്ങോട് പൊലീസിന്റെ അന്വേഷണം നടന്നു വരവെയാണ് പിടിയിലായ മഹേഷിന്റെ വീടിന് സമീപത്ത് പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ പറമ്പില്‍ മുടി ഇട്ടിരിക്കുന്ന നിലയില്‍ ഓട്ടോറിക്ഷ കണ്ടെത്തിയത്. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് ശ്രീകാന്തിനെ ഇടിച്ച ഓട്ടോറിക്ഷയാണ് ഇതെന്ന് മനസിലായത്.
കസ്റ്റഡിയില്‍ എടുത്ത ഓട്ടോറിക്ഷ തുടര്‍നടപടികള്‍ക്കായി കോടതിക്ക് കൈമാറി. ഓട്ടോറിക്ഷയുടെ രേഖകള്‍ ഒന്നും കൃത്യമല്ലെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി