ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോലി എന്ന ക്യാപ്റ്റനെ നഷ്ടപ്പെട്ടതായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോര്ഗൻ. ആഷസ് പരമ്പരയുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര മാധ്യത്തിനു നൽകിയ അഭിമുഖത്തിലാണ് മോർഗൻ നിലപാടു വ്യക്തമാക്കിയത്. ‘‘ടെസ്റ്റ് ക്രിക്കറ്റ് എന്നത് എന്നെ സംബന്ധിച്ച് ഇപ്പോഴും അവിശ്വസനീയമാണ്.
പക്ഷേ ടെസ്റ്റ് ശരിക്കും വെല്ലുവിളി നേരിടുന്ന സമയമാണിത്. ക്രിക്കറ്റിന് ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലിയെ നഷ്ടമായി. ടെസ്റ്റ് ഫോർമാറ്റിനോടുള്ള ഇഷ്ടം വിരാട് എത്രയോ തവണ വ്യക്തമാക്കിയിട്ടുള്ളതാണ്.’’– മോർഗൻ പറഞ്ഞു.
‘‘ടെസ്റ്റ് ക്രിക്കറ്റിനോടുള്ള താൽപര്യത്തിൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും വിരാട് കോലിയെപ്പോലെയാണ്. ടെസ്റ്റ് ക്രിക്കറ്റ് മനോഹരമാക്കാൻ വലിയ ഉത്തരവാദിത്തം തന്നെ സ്റ്റോക്സ് ഏറ്റെടുത്തു. 2010–11 ആഷസിൽ ഞാൻ പകരക്കാരൻ ബാറ്ററായി ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്നു. പക്ഷേ ഇംഗ്ലണ്ടിന്റെ ബാറ്റിങ് ലൈനപ് ശക്തമായിരുന്നതിനാൽ അവസരം ലഭിച്ചില്ല.’’-മോർഗൻ പറഞ്ഞു.
വിരാട് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ചുമതലയേറ്റെടുത്തത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു ദയനീയമായി തോറ്റതോടെ രോഹിത് ശർമയ്ക്കെതിരെ വിമർശനം ശക്തമാകുകയാണ്. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പര്യടനത്തിനു ശേഷം രോഹിത്തിനെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയേക്കുമെന്നും വിവരമുണ്ട്.