ചെന്നൈ: സ്വന്തം കാര്യം മാത്രം നോക്കുന്ന ആളല്ല രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെന്ന് റോയൽസിന്റെ ഫിറ്റ്നസ് ട്രെയിനർ രാജാമണി. കൂടെയുള്ളവർക്കെല്ലാം വേണ്ടി പണം ചെലവഴിക്കുന്ന ആളാണു സഞ്ജുവെന്ന് രാജാമണി ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘‘ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവും ട്രെയിനറായി ഞാനും പ്രവർത്തിച്ച ആദ്യ സീസൺ രാജസ്ഥാൻ റോയൽസ് മോശം നിലയിലായിരുന്നു. ദുബായിൽ വലിയ തോൽവി വഴങ്ങിയ ദിവസം സഞ്ജു വളരെ നിരാശനായി. പുലര്‍ച്ചെ രണ്ടു മണിയോടെ സഞ്ജുവുമായി ഞാൻ സംസാരിച്ചിരുന്നു.
ക്യാപ്റ്റനെന്ന നിലയിൽ ആദ്യ വർഷമാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും ക്ലബിലേക്കു പോകാമെന്നു ഞാന്‍ സഞ്ജുവിനോടു പറഞ്ഞു. എത്ര വലിയ ടീമിലേക്കും നമുക്കു പോകാം, പക്ഷേ രാജസ്ഥാനെ വലിയ ടീമാക്കണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി.’’– രാജാമണി വ്യക്തമാക്കി.
‘‘സഞ്ജു അന്നു പറഞ്ഞതു ശരിയാണെന്നു തോന്നി. രാജസ്ഥാന്റെ താരങ്ങളുടെ ഫിറ്റ്നസ് നന്നായി തുടരാൻ സഞ്ജു എന്റെ സഹായം തേടി. ആർ. അശ്വിൻ, യുസ്വേന്ദ്ര ചെഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരെയെല്ലാം ടീമിലെത്തിക്കണമെന്നു സഞ്ജു അന്ന് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം മഹേന്ദ്ര സിങ് ധോണി സഞ്ജുവാണ്.
സഞ്ജു പരിശീലന സമയങ്ങളിൽ വലിയ ഒരു ഹോട്ടൽ ഫ്ലോറാണ് എടുക്കുന്നത്. ഭാര്യ, മാനേജർമാർ തുടങ്ങി എല്ലാവരും അവിടെയുണ്ടാകും. ഞാന്‍ വെസ്റ്റിൻഡീസിൽനിന്നു വന്നപ്പോൾ പരിശീലിക്കാനായി സഞ്ജു എന്നെ വിളിച്ചിരുന്നു. ഹോട്ടലിലേക്ക് എന്റെ ഭാര്യയ്ക്കും മകനും സ്യൂട്ട് റൂം ബുക്ക് ചെയ്തു നൽകിയതു സഞ്ജുവാണ്. അതിന്റെ വാടക മാത്രം 45,000 രൂപ വരും.’’– രാജാമണി വ്യക്തമാക്കി.
‘എനിക്ക് ഒരു അസിസ്റ്റന്റിനെ തരും. രാജസ്ഥാൻ റോയൽസ് വാഹനം തന്നിട്ടുണ്ടെങ്കിലും, വേറെ വാഹനം സഞ്ജു മുൻകൈയെടുത്ത് നൽകിയിട്ടുണ്ട്. സഞ്ജു മാത്രം നന്നാകണമെന്ന് ഒരിക്കലും അവൻ ആഗ്രഹിക്കില്ല. സ്വന്തം കാര്യം മാത്രം നോക്കില്ല. കൂടെയുള്ള എല്ലാവരും നന്നാകണമെന്നാണ് സഞ്ജുവിന്റെ താൽപര്യം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം സഞ്ജുവാണ്. സഞ്ജു വാങ്ങുന്ന 15 കോടിയിൽ രണ്ടു കോടി യുവ താരങ്ങളുടെ പരിശീലനത്തിനായി ഞങ്ങളുടെ കമ്പനിക്കു തന്നെ തിരിച്ചുതരുന്നുണ്ട്.’’
‘‘ഒരു ഹോട്ടലിൽ പോയാൽ രാജസ്ഥാന്റെ താരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അവരുടെയെല്ലാം ബിൽ കൊടുത്തിട്ട് സഞ്ജു മിണ്ടാതെ പോകും. അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അതുകൊണ്ടു തന്നെ ദൈവം സഞ്ജുവിന് നല്ലതു മാത്രം നൽകും. സഞ്ജുവിന് ഇന്ത്യൻ ടീം, ഐപിഎൽ അങ്ങനെ ഇല്ല. വളരെ കഠിനാധ്വാനിയായ ക്രിക്കറ്ററാണ് സഞ്ജു. രാവിലെ പരിശീലനം കഴിഞ്ഞ് ഞങ്ങൾ നടന്നാണു പോകുന്നത്. അല്ലെങ്കില്‍ സൈക്കിളിലോ, ഓട്ടോയിലോ പോകും. രാവിലത്തെ പരിശീലനത്തിനു ശേഷം ചെറിയ ഇടവേള കഴിഞ്ഞു വീണ്ടും പരിശീലനം തുടങ്ങും.’’
‘‘രാവിലെ പത്തു മുതൽ 12 മണിവരെ വിശ്രമമില്ലാതെ പരിശീലിക്കും. പിന്നീട് 1.30 ന് തുടങ്ങിയാൽ നാലു മണിവരെ വീണ്ടും ബാറ്റിങ്. അതിന് ശേഷം അപ്പർ ബോഡി സെഷൻ തുടങ്ങും. രാത്രി എട്ടു മണിയാകും സഞ്ജു വീട്ടിലേക്കു മടങ്ങുമ്പോൾ. അത്രയും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതൊന്നും പാഴാകില്ല. ഉടൻ തന്നെ ഇന്ത്യൻ ടീമിൽ പ്രധാന സ്ഥാനത്ത് സഞ്ജുവുണ്ടാകും.’’– രാജാമണി വ്യക്തമാക്കി.