ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരാവാദിത്വം ഏറ്റെടുക്കാനാരുമില്ലെന്നും അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദിസര്‍ക്കാരിന് ഒളിച്ചോടാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. റെയില്‍വെ മന്ത്രി രാജിവെക്കാൻ പ്രധാനമന്ത്രി നിര്‍ദ്ദേശിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
275 ജീവനുകള്‍ നഷ്ടമായിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല. അതിദാരുണമായ ഒരു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സര്‍ക്കാരിന് ഒളിച്ചോടാനാവില്ല. റെയില്‍വെ മന്ത്രിയോട് ഉടനടി രാജി സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെടണം, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, ആം ആദ്മി, ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി വിവിധ പ്രതിപക്ഷ പാര്‍ട്ടികളും റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ ആഡംബര ട്രെയിനുകള്‍ക്കു മാത്രമാണ് ശ്രദ്ധ നല്‍കുന്നതെന്നും സാധാരണക്കാരായ ജനങ്ങളെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ഒഡിഷ ദുരന്തമെന്നും സി.പി.എം നേതാവ് ബിനോയ് വിശ്വം ആരോപിച്ചു. റെയില്‍വെ മന്ത്രി രാജിവെക്കണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.