കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി അറസ്റ്റിലായ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകിയതിൽ വിമർശനവുമായി നടനും അഡ്വക്കറ്റുമായ ഷൂക്കൂർ. പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്കിതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകുമെന്ന് ഷുക്കൂർ പറയുന്നു.
അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം. സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുകയെന്ന് അദ്ദേഹം ചോദിക്കുന്നു. ഭയാനകമാണ് കേരളത്തിലെ അവസ്ഥയെന്നും സ്ത്രീകൾ ഒരു തരിമ്പും ദയ കാണിക്കരുതെന്നും ഷുക്കൂർ പറഞ്ഞു.
ഷുക്കൂർ വക്കീലിന്റെ വാക്കുകൾ ഇങ്ങനെ
പബ്ലിക് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ യാത്ര ചെയ്യേണ്ടി വന്ന ഒട്ടു മിക്ക സ്ത്രീകളും ഒരിക്കലെങ്കിലും ഞരമ്പുകളുടെ അസ്ക്യതയ്ക്ക് നിർഭാഗ്യ വശാൽ വിധേയരായിട്ടുണ്ടാകും. മഹാ ഭൂരിപക്ഷം പേരും ഭയന്നും അമ്പരന്നും മൗനത്തിൽ പെട്ടു പോകാറാണ് പതിവ്. ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകളോ ശരീര ഭാഗങ്ങളോ സ്പർശിപ്പിക്കപ്പെട്ട ഭാഗം എത്ര സോപ്പു വെള്ളത്തിൽ കഴുകിയാലും അഴുക്കു അവിടെ ബാക്കിയുണ്ടെന്ന ഫീലാണ് മനസ്സിൽ ഉണ്ടാവുക എന്നു അനുഭവസ്ഥർ അസ്വസ്ഥതയോടെ പറഞ്ഞിട്ടുണ്ട്.
അത്തരം അനുഭവങ്ങളിലൂടെ കടന്നു പോയവരോട് ഒന്നു സംസാരിച്ചു നോക്കൂ. അവർ കടന്നു പോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം. ഇങ്ങനെ സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങിനെയാണ് ജീവിതം സാധ്യമാവുക? ഭയാനകമാണ്
നമ്മുടെ കേരള അവസ്ഥ. പെണ്ണുങ്ങളെ ഒരു തരിമ്പും ദയ കാണിക്കരുത്, ആൺ ഹുങ്കിനു മുമ്പിൽ കീഴടങ്ങാനുള്ളതല്ല അഭിമാനം.
കഴിഞ്ഞ ദിവസമാണ് നഗ്നതാ പ്രദർശന കേസിൽ സവാദിന് ജാമ്യം കിട്ടിയത്. ജാമ്യത്തിലിറങ്ങിയ പ്രതി സവാദിനെ മാലയിട്ടാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരിച്ചത്. പിന്നാലെ സംഭവത്തിൽ വിമർശനവുമായി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള നിരവധി പേരാണ് രംഗത്തെത്തിയത്.