ന്യൂഡല്‍ഹി: രാജസ്ഥാനിലെ മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം നടത്തിയ ശ്രമം ഫലം കാണുന്നു. തിങ്കളാഴ്ച വൈകുന്നേരം ഖാര്‍ഗെയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ അശോക് ഗഹലോത്തും സച്ചിന്‍ പൈലറ്റും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇരുവര്‍ക്കുമൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ കെ.സി.വേണുഗോപാലാണ് പ്രഖ്യാപനം നടത്തിയത്.
‘തിരഞ്ഞെടപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ തീരുമാനിച്ചു. തീര്‍ച്ചയായും ഞങ്ങള്‍ വിജയിക്കും. അശോക് ഗഹലോത്തും സച്ചിന്‍ പൈലറ്റും ഈ നിര്‍ദ്ദേശത്തോട് ഏകകണ്ഠമായി യോജിച്ചു. രണ്ട് നേതാക്കളും (അശോക് ഗഹലോത്തും സച്ചിന്‍ പൈലറ്റും) ഒരുമിച്ച് മുന്നോട്ട് പോകും. ഇത് ബിജെപിക്കെതിരായ സംയുക്ത പോരാട്ടമായിരിക്കും, ഞങ്ങള്‍ രാജസ്ഥാനില്‍ വിജയിക്കും’ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ച നാലു മണിക്കൂറിലേറെ നീണ്ടു. ആദ്യം ഗഹലോത്തായിരുന്നു ഖാര്‍ഗെയുടെ വസതിയിലെത്തിയത്. തുടര്‍ന്ന് രാഹുല്‍ഗാന്ധി ഇവിടേക്ക് എത്തി. സച്ചിന്‍ പൈലറ്റുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും, രണ്ടുമണിക്കൂറിന് ശേഷം സച്ചിന്‍ പൈലറ്റും ഖാര്‍ഗെയുടെ വസതിയിലെത്തി. എ.ഐ.സി.സി. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാജസ്ഥാന്റെ ചുമതലയുള്ള സുഖ് വിന്ദർ സിങ് രണ്‍ധാവ, രാജസ്ഥാനില്‍ നിന്നുള്ള ജിതേന്ദ്ര സിങ് എന്നിവരും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. ഗഹലോത്തിനേയും പൈലറ്റിനേയും വെവ്വേറെ ഇരുത്തിയ ശേഷമാണ് ആദ്യ ഘട്ട ചര്‍ച്ചകള്‍. തുടര്‍ന്ന് ഇരുവരേയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.
ഗഹലോത്തും പൈലറ്റും തമ്മില്‍ പരസ്യപോര് വീണ്ടും ആരംഭിച്ചതിന് പിന്നാലെ ദീര്‍ഘനാളുകള്‍ക്ക്ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള യോഗങ്ങളില്‍ പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പായി ഇരുവരേയും ഒന്നിപ്പിക്കുക എന്ന വലിയ കടമ്പയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ സിദ്ധരാമയ്യയ്ക്കും ഡി.കെ. ശിവകുമാറിനുമിടയില്‍ സാധ്യമായ സഹകരണം രാജസ്ഥാനിലും പ്രാവര്‍ത്തികമാക്കാനാണ് ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത്.
മേയ് അവസാനത്തോടെ തന്റെ ആവശ്യങ്ങളിലൊരു തീര്‍പ്പുണ്ടായില്ലെങ്കില്‍ പരസ്യ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സച്ചിന്‍ പൈലറ്റ് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് തിങ്കളാഴ്ച രാത്രി വൈകിയും കോണ്‍ഗ്രസ് പ്രസിഡന്റിന്റെ വീട്ടില്‍ നടക്കുന്ന ചര്‍ച്ചകള്‍. വസുന്ധര രാജെ സര്‍ക്കാറിന്റെ കാലത്തെ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു സച്ചിന്‍ പൈലറ്റ് ഒടുവില്‍ ഗഹലോത്തിനെതിരെ രംഗത്തെത്തിയത്. ഏകദിന ഉപവാസം നടത്തിയ പൈലറ്റ് പിന്നീട് ജന്‍ സംഘര്‍ഷ യാത്രയും നടത്തിയിരുന്നു.
രാജസ്ഥാന് പുറമേ, മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വര്‍ഷാവസാനം തിരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളിലും സംഘടനയെ തിരഞ്ഞെടുപ്പിന് ഒരുക്കാനുള്ള നടപടികളിലാണ് കോണ്‍ഗ്രസ്. ഇന്ന് മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കളുമായും ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയിരുന്നു. ദിഗ്വിജയ് സിങ്, കമല്‍നാഥ് എന്നിവരടക്കമുള്ളവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടുമെന്ന് രാഹുല്‍ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കര്‍ണാടയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് തന്ത്രങ്ങളൊരുക്കിയ എ.ഐ.സി.സി. തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്സ് അംഗമായ സുനില്‍ കനുഗോലുവും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.