തിരുവനന്തപുരം: ഡല്‍ഹിയിലെ കേരളാ സർക്കാരിന്റെ പ്രതിനിധി കെ വി തോമസിന് ഓണറേറിയം അനുവദിച്ചു. ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫീസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.
ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമതിനായ കെ.വി തോമസ് തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സർക്കാരിന് കത്ത് നൽകിയിരുന്നു. തോമസിന്റെ കത്ത് പൊതുഭരണ വകുപ്പ് തുടർ നടപടിക്കായി ധനകാര്യ വകുപ്പിന് കൈമാറിയിരുന്നു. എന്നാൽ കോൺഗ്രസ് വിട്ടതിന് പിന്നാലെ, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഇടത് സർക്കാർ നിയമിച്ച കെ വി തോമസിന് ഓണറേറിയം അനുവദിച്ച് കൊണ്ടുള്ള ഫയൽ ധനവകുപ്പ് പിടിച്ചുവെക്കുകയായിരുന്നു.
ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ നിർദേശത്തെ തുടർന്നാണ് ഫയൽ പാസാക്കുന്നത് ധനവകുപ്പ് വൈകിപ്പിച്ചതെന്നാണ് സൂചന. പണമില്ലാതെ സർക്കാർ പ്രതിസന്ധിയിൽപ്പെട്ട കാലത്ത് കെ വി തോമസിന് ഓണറേറിയം അനുവദിച്ചാൽ വലിയ വിമർശവനമുയർന്നേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഫയൽ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് ഇപ്പോൾ ധനവകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കായി ഫയൽ അയച്ചതെന്നാണ് സൂചന.