കോട്ടയം: സംസ്ഥാന സര്‍ക്കാരിനും വനംവകുപ്പിനുമെതിരേ വിമര്‍ശനവുമായി കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാർ ജോസ് പുളിക്കല്‍. കാട്ടുപോത്തിന് വോട്ടവകാശമില്ലെന്ന് സര്‍ക്കാരും ബന്ധപ്പെട്ടവരും മറക്കരുതെന്ന് മെത്രാന്‍ ഓര്‍മിപ്പിച്ചു. കാട്ടുപോത്ത് നിയമസഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ കയറിയാല്‍ നോക്കിനില്‍ക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
വന്യമൃഗങ്ങള്‍ ഏതും നിങ്ങളെ വോട്ടുചെയ്ത് ഒരിടത്തുമെത്തിക്കുകയില്ല. മജ്ജയും മാംസവുമുള്ള മനുഷ്യരാണ് ഇവിടെ ജീവിക്കുന്നതെന്ന കാര്യം ആരും മറക്കാതിരിക്കുക. ഇത് കര്‍ഷകരുടെ നെഞ്ചിടിപ്പാണ്. അവരുടെ സ്ഥലമാണ്.
അവര്‍ ഇത്തരത്തില്‍ തന്നെ മുന്‍പോട്ടു നീങ്ങുകയും ചെയ്യും. കാട്ടുപോത്ത് കയറിവന്നത് നിയമസഭയിലേക്കോ പാര്‍ട്ടി ഓഫീസിലേക്കോ ആയിരുന്നെങ്കില്‍ അവിടെ പെട്ടെന്ന് തീരുമാനമുണ്ടാകുമായിരുന്നല്ലോ. അവിടെ അതിന്റെ നിയമത്തിന്റെ കുരുക്കുകളഴിക്കാന്‍ ആരും മിനക്കെടില്ലായിരുന്നെന്നും ജോസ് പുളിക്കല്‍ പറഞ്ഞു.
സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് മെത്രാന്റെ വിമര്‍ശനം. കഴിഞ്ഞ ദിവസം കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. മലപ്പുറത്ത് തേനെടുക്കുകയായിരുന്ന ആള്‍ക്കുനേരെ കരടിയാക്രമണവുമുണ്ടായി. വിഷയവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ സർക്കാരിനും വനംവകുപ്പിനുമെതിരേ പ്രതിഷേധങ്ങളും ഉയർന്നിരുന്നു.