മലപ്പുറം:താനൂരിൽ 22 പേർ മരിച്ച ബോട്ട് അപകടത്തിലെ പ്രതി നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചേർക്കും. ഇന്നലെ കോഴിക്കോട് നിന്നും പിടിയിലായ നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ തടിച്ചു കൂടിയത്. അതിനിടെ അപകടം നടന്ന സ്ഥലത്ത് ഇന്നും തിരച്ചിൽ തുടങ്ങി.
ഇന്നലെ രഹസ്യ കേന്ദ്രത്തിൽ വെച്ച് നാസറിനെ ചോദ്യം ചെയ്തിരുന്നു. ബോട്ട് ഓടിച്ചിരുന്ന താനൂർ ഒട്ടുംപുറം സ്വദേശിയായ സ്രാങ്ക് ദിനേശനും ജീവനക്കാരൻ രാജനും ഒളിവിലാണ്. മുൻ ദിവസങ്ങളിൽ അമിതമായി യാത്രക്കാരെ കയറ്റി ദിനേശൻ ബോട്ട് ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിൽ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും.
അതേസമയം ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തെരച്ചിൽ നടത്തുകയാണ്. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു.
ആരെയും കണ്ടെത്താൻ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന കൃത്യമായ കണക്ക് കിട്ടാത്തതാണ് പ്രതിസന്ധി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും കാണാനില്ലായെന്ന പരാതി നിലവിൽ ഇല്ല.നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു.