ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ഒരു ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയിലെ ഗ്യാസ്പുരയിലാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഞായറാഴ്ച രാവിലെ 7.15 ഓടെയാണ് വാതക ചോര്‍ച്ച സംബന്ധിച്ച വിവരം ലഭിക്കുന്നതെന്ന് അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഉടന്‍ സംഭവ സ്ഥലത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ആളുകള്‍ റോഡിന്റെ വശങ്ങളിലും മറ്റുമായി ബോധമറ്റ് വീണ് കിടക്കുന്നതാണ്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്.
സംഭവ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ പോലീസ് സീല്‍ ചെയ്തിരിക്കുകയാണ്. ഇവിടെയുള്ള ആളുകളെ മാറ്റുന്ന നടപടിയാണ് ഇപ്പോള്‍ അധികൃതര്‍ നടത്തിവരുന്നത്.
പാലുത്പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയായ ഗോയല്‍ മില്‍ക്ക് പ്ലാന്റിന്റെ കൂളിംഗ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.